കൊവിഡ്: കേരളത്തിൽ വീണ്ടും ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: ആയിരത്തിലേറെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത എറണാകുളം, തിരുവനന്തപുരം ജില്ലകൾക്ക് പ്രത്യേക ജാഗ്രത നിർദ്ദേശം നൽകി.സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കാതിരിക്കാൻ എല്ലാവരുടേയും സഹകരണവും ശ്രദ്ധയും ഉണ്ടാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആവശ്യപ്പെട്ടു. ആരോഗ്യ വകുപ്പ് നിരന്തരം യോഗങ്ങൾ വിളിച്ച് സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തുന്നുണ്ട്. എല്ലാ ജില്ലകൾക്കും പ്രതിരോധം ശക്തമാക്കാൻ നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു.

കേസുകൾ ഉയരുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. ആശുപത്രികളിലും ഐസിയുവിലും ചികിത്സ തേടുന്നവരുടെ എണ്ണം കുറവാണ്. 27,991 ആക്ടീവ് കേസുകളിൽ 1,285 പേർ ആശുപത്രികളിലും 239 പേർ ഐസിയുവിലും 42 പേർ വെന്റിലേറ്ററുകളിലും ചികിത്സയിലുണ്ട്. പ്രായമായവരിലും അനുബന്ധ രോഗമുള്ളവരിലും വാക്‌സീൻ എടുക്കാത്തവരിലുമാണ് രോഗം ഗുരുതരമാകുന്നത്. അത്തരക്കാർ കൂടുതൽ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

എല്ലാ കാലവും അടച്ചിടൽ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിയില്ല. കൊവിഡിനോടൊപ്പം ജീവിക്കുക എന്നതാണ് പ്രധാനം. ആരിൽ നിന്നും ആരിലേക്കും കൊവിഡ് ബാധിക്കാൻ സാധ്യതയുണ്ട്. അതിനാൽ വ്യക്തിപരമായ ശ്രദ്ധ ഏറെ പ്രധാനമാണ്. കൊവിഡിനെ പ്രതിരോധിക്കാൻ എല്ലാവരും നിർബന്ധമായി മാസ്‌ക് ധരിക്കണം. ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ കൈ വൃത്തിയാക്കണം. കൈ വൃത്തിയാക്കാതെ കണ്ണ്, മൂക്ക്, വായ് എന്നിവ സ്പർശിക്കരുത്. ആദ്യ ഡോസും രണ്ടാം ഡോസും കരുതൽ ഡോസും എടുക്കാനുള്ള എല്ലാവരും വാക്‌സീൻ എടുക്കണമെന്നും മന്ത്രി നി‍ർദേശിച്ചു.

സ്‌കൂൾ തുറന്ന സാഹചര്യത്തിൽ കുട്ടികളിൽ പ്രത്യേകം ശ്രദ്ധ വേണമെന്നും മന്ത്രി പറഞ്ഞു. കൃത്യമായി മാസ്‌ക് ധരിപ്പിച്ച് മാത്രമേ സ്‌കൂളിലേക്ക് അയക്കാവൂ. 12 വയസിന് മുകളിലുള്ള എല്ലാ കുട്ടികൾക്കും കൊവിഡ് വാക്‌സീൻ നൽകണം. കുട്ടികളിൽ നിന്നും പ്രായമുള്ളവരിലേക്കും മറ്റ് അസുഖമുള്ളവരിലേക്കും കൊവിഡ് ബാധിക്കാൻ സാധ്യതയുള്ളതിനാൽ പ്രത്യേകം ശ്രദ്ധ വേണം. ജലദോഷം, പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ ഇവരുമായി ഇടപഴകരുത്. പുറത്ത് പോയി വരുന്നവരിൽ നിന്നും അവരിലേക്ക് രോഗം പടരാനും അവർക്ക് ഗുരുതരമാകാനും സാധ്യതയേറെയാണ്. രോഗലക്ഷണങ്ങളുള്ള കുട്ടികളെ സ്‌കൂളുകളിൽ വിടരുത്. അധ്യാപകരും ഇത് പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

രോഗലക്ഷണങ്ങളുള്ളവർ കൊവിഡ് പരിശോധന നടത്തുകയും വിശ്രമിക്കുകയും വേണം. പ്രായമായവർ, മറ്റ് അനുബന്ധ രോഗമുള്ളവർ എന്നിവർക്ക് രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യ പ്രവർത്തകരെ വിവരമറിയിച്ച് വിദഗ്‍ധ ചികിത്സ ഉപ്പാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →