ആധുനിക സൗകര്യങ്ങളോടെ മികച്ച കെട്ടിടത്തില്‍ ഉദ്ഘാടനത്തിനൊരുങ്ങി തിരുമാറാടി സ്മാര്‍ട്ട് വില്ലേജ് ഓഫീസ്. 44 ലക്ഷം രൂപ മുടക്കിയാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ജൂലൈ 1 വെള്ളിയാഴ്ച നടക്കുന്ന ചടങ്ങില്‍ റവന്യുവകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം നിര്‍വഹിക്കും.
1265 ചതുരശ്ര അടിയാണ് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ വിസ്തീര്‍ണം. ഭിന്നശേഷി സൗഹൃദമായി നിര്‍മ്മിച്ചിട്ടുള്ള കെട്ടിടത്തില്‍ വീല്‍ ചെയറുകള്‍ സുഖമമായി ഉപയോഗിക്കുന്നതിന് ആവശ്യമായ റാമ്പും ഒരുക്കിയിട്ടുണ്ട്. വിവിധ ആവശ്യങ്ങള്‍ക്ക് ഓഫീസിലെത്തുന്നവര്‍ക്ക് കാത്തിരിപ്പിന്റെ മുഷിപ്പ് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ മികച്ച ടെക്സ്റ്റര്‍ വര്‍ക്കുകളും ഓഫീസില്‍ ഒരുക്കിയിട്ടുണ്ട്.
തിരുമാറാടി പഞ്ചായത്ത് ഓഫീസിന് സമീപം റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 21 സെന്റ് ഭൂമിയിലായിരുന്നു പഴയ വില്ലേജ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് ഇവിടെ തന്നെ കൂടുതല്‍ സൗകര്യങ്ങളോടെ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മ്മിക്കുകയായിരുന്നു.
പൊതുമരാമത്ത് വകുപ്പിനായിരുന്നു നിര്‍മ്മാണ ചുമതല നല്‍കിയിരുന്നത്. 10 മാസം കൊണ്ടായിരുന്നു നിര്‍മാണം പൂര്‍ത്തിയാക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് 44 ലക്ഷം രൂപയായിരുന്നു ഇതിന് ചെലവായത്. വില്ലേജ് ഓഫീസറുടെ മുറി, റെക്കോര്‍ഡ് റൂം, ഓഫീസ് റൂം, ഫ്രണ്ട് ഓഫീസ് കം വെയ്റ്റിംഗ് റൂം, ജീവനക്കാര്‍ക്ക് വേണ്ടി ക്യുബിക്കിളുകള്‍, പൊതു ടോയ്‌ലറ്റ് എന്നിവയാണ് ഇവിടെ ഉള്ളത്.
വെള്ളിയാഴ്ച രാവിലെ 11 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ തോമസ് ചാഴിക്കാടന്‍ എം.പി, അനൂപ് ജേക്കബ് എം.എല്‍.എ, ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.