ലണ്ടന്‍: യുക്രൈനെതിരായി യുദ്ധം ചെയ്യുന്ന റഷ്യയെ സാമ്പത്തികമായി തളര്‍ത്തുക എന്ന ലക്ഷ്യത്തോടെ റഷ്യന്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി നിരോധിക്കാനൊരുങ്ങി യു.കെ, യു.എസ്, ജപ്പാന്‍, കാനഡ എന്നീ രാജ്യങ്ങള്‍.പുടിന്റെ യുദ്ധയന്ത്രത്തിന്റെ ഹൃദയത്തില്‍തന്നെ ഈ നീക്കം ആഞ്ഞടിക്കുമെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പറഞ്ഞു. ജി 7 ഉച്ചകോടി ജര്‍മനിയില്‍ നടക്കുന്നതിനിടെയാണ് പുതിയ നീക്കം.
മറ്റു ജി 7 രാജ്യങ്ങളായ ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി എന്നിവയും ഒപ്പംചേരുമെന്നു യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.ലണ്ടന്‍ ആഗോള സ്വര്‍ണവ്യാപാരത്തിന്റെ പ്രധാന കേന്ദ്രമായതിനാല്‍ നിരോധനം റഷ്യക്കു കനത്ത തിരിച്ചടിയാകുമെന്നു ബ്രിട്ടീഷ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. നിലവില്‍ സ്വര്‍ണക്കയറ്റുമതിയിലൂടെ റഷ്യ കോടിക്കണക്കിനു ഡോളറാണു നേടുന്നത്. റഷ്യ യുക്രൈന്‍ അധിനിവേശം തുടങ്ങിയതിനു പിന്നാലെ പാശ്ചാത്യരാജ്യങ്ങള്‍ റഷ്യന്‍ സ്ഥാപനങ്ങള്‍ക്കും ധനിക വ്യക്തികള്‍ക്കുമെതിരേ നിരവധി ഉപരോധങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.

