ബംഗളുരു: സര്‍ഫ്രാസ് ഖാന്‍ എറിഞ്ഞ 30-ാം ഓവറിലെ അഞ്ചാമത്തെ പന്ത് രജത് പാടീദാര്‍ ഡീപ് കവറിലേക്ക് തട്ടിയിട്ട് സിംഗിള്‍സ് എടുത്തതോടെ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ചരിത്രം പിറന്നു.നോണ്‍ സ്ട്രൈക്കറായിരുന്ന നായകന്‍ ആദിത്യ ശ്രീവാസ്തവയുടെ കണ്ണുകളില്‍ കിരീട നേട്ടത്തിന്റെ അഭിമാനത്തിളക്കം. വര്‍ഷങ്ങളുടെ കാത്തിരിപ്പ് അവസാനിപ്പിച്ചു രഞ്ജി ട്രോഫിയില്‍ മധ്യപ്രദേശിന്റെ കന്നി മുത്തം. കരുത്തരായ മുംബൈയെ ആറു വിക്കറ്റിനാണ് അവര്‍ തോല്‍പ്പിച്ചത്.ശിഷ്യന്‍മാര്‍ വിജയ റണ്ണെടുത്തതോടെ കോച്ചും ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പറുമായ ചന്ദ്രകാന്ത് പണ്ഡിറ്റ് വിതുമ്പി. 23 വര്‍ഷം മുമ്പു നടന്ന ഫൈനലില്‍ ചന്ദ്രകാന്ത് പണ്ഡിറ്റ് നയിച്ച മധ്യപ്രദേശ് കര്‍ണാടകയോടു തോറ്റിരുന്നു. മത്സരത്തിന് ശേഷം അദ്ദേഹം ഫസ്റ്റ് €ാസ് ക്രിക്കറ്റിനോടു വിട പറയുകയും ചെയ്തു. അന്നത്തെ കിരീട നഷ്ടം ശിഷ്യന്‍മാരിലൂടെ നികത്താന്‍ ചന്ദ്രകാന്ത് പണ്ഡിറ്റിനായി. 41 തവണ രഞ്ജി ചാമ്പ്യനായ മുംബൈ മധ്യപ്രദേശിനെ വിറപ്പിച്ച ശേഷമാണു തോല്‍വി സമ്മതിച്ചത്.സ്‌കോര്‍: മുംബൈ ഒന്നാം ഇന്നിങ്സ് 3754, രണ്ടാം ഇന്നിങ്സ് 269. മധ്യപ്രദേശ് ഒന്നാം ഇന്നിങ്സ് 536, രണ്ടാം ഇന്നിങ്സ് നാലിന് 108.
ഒന്നാം ഇന്നിങ്സില്‍ 162 റണ്ണിന്റെ ലീഡ് നേടിയതോടെ മധ്യപ്രദേശ് കിരീടം ഉറപ്പാക്കിയിരുന്നു. അടിച്ചു തകര്‍ത്ത് ബാറ്റ് ചെയ്ത ശേഷം മധ്യപ്രദേശിനെ ലക്ഷ്യത്തിലെത്തും മുമ്പ് ഓള്‍ഔട്ടാക്കി ജയിക്കുകയെന്ന അപ്രാപ്യമായ വഴി മാത്രമാണു മുംബൈക്ക് മുന്നിലുണ്ടായിരുന്നത്. മുംബൈ രണ്ടാം ഇന്നിങ്സില്‍ 269 ന് ഓള്‍ഔട്ടായതോടെ മധ്യപ്രദേശിന്റെ ലക്ഷ്യം 108 റണ്ണായി. ഒന്നാം ഇന്നിങ്സിലെ സെഞ്ചുറി വീരന്‍ ഓപ്പണര്‍ യഷ് ദുബെ (ഒന്ന്), ഓപ്പണര്‍ ഹിമാന്‍ശു മന്ത്രി (37), ശുഭം ശര്‍മ (30), പാര്‍ഥ് സഹാനി (അഞ്ച്) എന്നിവരെ പുറത്താക്കി മുംബൈ പ്രതീക്ഷ ജനിപ്പിച്ചു. രജത് പാടീദാര്‍ (37 പന്തില്‍ പുറത്താകാതെ 30), ആദിത്യ ശ്രീവാസ്തവ (രണ്ട് പന്തില്‍ ഒന്ന്) എന്നിവര്‍ ചേര്‍ന്ന് മുംബൈയുടെ പ്രതീക്ഷ ഇല്ലാതാക്കി. മുംബൈക്കു വേണ്ടി ഷാംസ് മുലാനി മൂന്ന് വിക്കറ്റും ധവാല്‍ കുല്‍ക്കര്‍ണി ഒരു വിക്കറ്റുമെടുത്തു. അഞ്ചാം ദിനം രണ്ടിന് 113 റണ്ണെന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ മുംബൈ 269 ന് ഓള്‍ഔട്ടായി. 98 റണ്‍ വഴങ്ങി നാല് വിക്കറ്റെടുത്ത ഇടംകൈയന്‍ സ്പിന്നര്‍ കുമാര്‍ കാര്‍ത്തികേയയാണു വില്ലനായത്. ഗൗരവ് യാദവ്, പാര്‍ഥ് സഹാനി എന്നിവര്‍ രണ്ട് വിക്കറ്റ് വീതമെടുത്തു. സുദേവ് പാര്‍കര്‍ (58 പന്തില്‍ 51), സര്‍ഫ്രാസ് ഖാന്‍ (48 പന്തില്‍ 45), നായകനും ഓപ്പണറുമായ പൃഥ്വി ഷാ (44), അര്‍മാന്‍ ജാഫര്‍ (40 പന്തില്‍ 37) എന്നിവരാണു സ്‌കോര്‍ 250 ലെത്തിച്ചത്. ഒന്നാം ഇന്നിങ്സില്‍ 116 റണ്ണും രണ്ടാം ഇന്നിങ്സില്‍ 30 റണ്ണുമെടുത്ത ശുഭം ശര്‍മ മത്സരത്തിലെ താരമായി. രഞ്ജി സീസണിലാകെ 982 റണ്ണെടുത്ത സര്‍ഫ്രാസ് ഖാനാണു ടൂര്‍ണമെന്റിലെ താരം. കഴിഞ്ഞ അഞ്ച് രഞ്ജി സീസണുകളില്‍ നാലിലും പുതിയ ടീമുകളാണു കിരീടം നേടിയത്. സൗരാഷ്ട്ര, വിദര്‍ഭ, ഗുജറാത്ത് എന്നിവര്‍ക്കൊപ്പം മധ്യപ്രദേശും ഇടംപിടിച്ചു.