വനിതാ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിലും ഇന്ത്യക്ക് ജയം

ഡാംബുല: ശ്രീലങ്കയ്ക്കെതിരായ വനിതാ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിലും ഇന്ത്യക്ക് ജയം. അഞ്ച് വിക്കറ്റിന് ജയിച്ച ഇന്ത്യ മൂന്ന് ട്വന്റി20 കളുടെ പരമ്പരയും ഉറപ്പാക്കി.ആദ്യം ബാറ്റ് ചെയ്ത ലങ്കന്‍ വനിതകള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ഇന്ത്യ കളി തീരാന്‍ അഞ്ച് പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു. 34 പന്തില്‍ എട്ട് ഫോറുകളുടെ അകമ്പടിയോടെ 39 റണ്ണെടുത്ത ഓപ്പണര്‍ സ്മൃതി മന്ദാന, ഓള്‍റൗണ്ട് മികവ് പുറത്തെടുത്ത നായിക ഹര്‍മന്‍പ്രീത് കൗര്‍ (ഒരു വിക്കറ്റും 32 പന്തില്‍ പുറത്താകാതെ 31) എന്നിവരാണ് ഇന്ത്യയുടെ വിജയ ശില്‍പ്പികള്‍. ഹര്‍മനാണു മത്സരത്തിലെ താരം. ഷഫാലി വര്‍മ (10 പന്തില്‍ ഒരു സിക്സറും രണ്ട് ഫോറുമടക്കം 17), സാഭിനേനി മേഘന (10 പന്തില്‍ 17), ജെമീയ റോഡ്രിഗസ് (മൂന്ന്), യാസ്തിക ഭാട്ടിയ (18 പന്തില്‍ 13) എന്നിവര്‍ പുറത്തായെങ്കിലും ദീപ്തി ശര്‍മയുടെ (അഞ്ച്) കൂട്ടുപിടിച്ച് കൗര്‍ ഇന്ത്യയെ ജയത്തിലെത്തിച്ചു. ലങ്കയുടെ ഓഷധി രണസിംഗെ, ഇനോക രണവീര എന്നിവര്‍ രണ്ട് വിക്കറ്റ് വീതമെടുത്ത് ഇന്ത്യയെ സമ്മര്‍ദത്തിലാക്കിയിരുന്നു. ലങ്കയുടെ വിക്കറ്റ് കീപ്പര്‍ അനുഷ്‌ക സഞ്ജീവനി മൂന്ന് സ്റ്റമ്പിങ്ങുകളുമായി തിളങ്ങി. സ്മൃതി മന്ദാന ട്വന്റി20 യില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍ തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ വനിതയായി. 84 ഇന്നിങ്സുകളിലായാണു സ്മൃതി 2000 റണ്ണെടുത്തത്. മുന്‍ താരം മിതാലി രാജാണ്(70 ഇന്നിങ്സ്) ഒന്നാമത്. ഹര്‍മന്‍ പ്രീതിനെയാണ് (88 ഇന്നിങ്സ്) സ്മൃതി മറികടന്നത്. പാകിസ്താന്റെ ബിസ്മ മാറൂഫിനു ശേഷം ട്വന്റി20 യില്‍ 2000 റണ്‍ കുറിക്കുന്ന ഇടംകൈയന്‍ വനിതയുമാണ് 25 വയസുകാരിയായ സ്മൃതി. ടോസ് നേടിയ ലങ്കന്‍ നായിക ചാമരി അട്ടപ്പാട്ടു ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു.

ചാമരിയും (41 പന്തില്‍ ഒരു സിക്സറും ഏഴ് ഫോറുമടക്കം 43) വിഷ്മി ഗുണരത്നെയും (50 പന്തില്‍ 45) ചേര്‍ന്ന ഓപ്പണിങ് സഖ്യം 87 റണ്ണുമായി തിളങ്ങി. 14-ാം ഓവറിലാണ് ഇന്ത്യക്ക് ഓപ്പണിങ് കൂട്ടുകെട്ട് തകര്‍ക്കാന്‍ കഴിഞ്ഞത്. ചാമരിയെ രാധാ യാദവിന്റെ കൈയിലെത്തിച്ച പൂജാ വസ്ത്രാകര്‍ വിക്കറ്റ് വേട്ടയ്ക്കു തുടക്കം കുറിച്ചു. വിഷ്മിയെ ഹര്‍മന്‍ സ്വന്തം ബൗളിങ്ങില്‍ പിടികൂടി. തുടര്‍ന്നു വന്ന ആര്‍ക്കും രണ്ടക്കം കടക്കാനായില്ല. ഇന്ത്യന്‍ ബൗളര്‍മാര്‍ നല്‍കിയ 11 അധിക റണ്ണാണു മൂന്നാമത്തെ ടോപ് സ്‌കോറര്‍. ഹര്‍ഷിത സമരവിക്രമെ (ഒന്‍പത്), കവിഷ ദില്‍ഹാരി (രണ്ട്), നിലാക്ഷി ഡി സില്‍വ (ഒന്ന്), ഹസിനി പെരേര (0), ഓഷധി രണസിംഗെ (അഞ്ച്) എന്നിവരാണു പുറത്തായ മറ്റുള്ളവര്‍. അനുഷ്‌ക സഞ്ജീവനി (എട്ട്), സുഗന്ധിക കുമാരി (ഒന്ന്) എന്നിവര്‍ പുറത്താകാതെനിന്നു. ഇന്ത്യക്കു വേണ്ടി ദീപ്തി ശര്‍മ രണ്ട് വിക്കറ്റെടുത്തു. രേണുക സിങ്, രാധാ യാദവ്, പൂജാ വസ്ത്രാര്‍കര്‍, ഹര്‍മന്‍ പ്രീത് എന്നിവര്‍ ഒരു വിക്കറ്റ് വീതമെടുത്തു. പരമ്പരയിലെ അവസാന മത്സരം നാളെ നടക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →