തപന്‍ ദേക്ക ഇന്റലിജന്‍സ് ബ്യൂറോ മേധാവി

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശ് കേഡര്‍ ഐ.പി.എസ്. ഉദ്യോഗസ്ഥനായ തപന്‍ ദേക്ക ഇന്റലിജന്‍സ് ബ്യൂറോ (ഐ.ബി.) മേധാവിയാകും. റോയുടെ തലവനായ സാമന്ത് ഗോയലിന്റെ കാലാവധി ഒരു വര്‍ഷം കൂടി നീട്ടാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഭീകരവാദം, മതതീവ്രവാദം എന്നിവയ്ക്കെതിരായ നടപടികളിലെ ദീര്‍ഘകാല പരിചയവും മികവുമാണ് നിലവില്‍ ഇന്റലിജന്‍സ് ബ്യൂറോയുടെ ഓപ്പറേഷന്‍ വിഭാഗത്തിന്റെ ചുമതലക്കാരനായ ദേക്കയെ പുതിയ ചുമതല ഏല്‍പ്പിക്കുന്നതില്‍ നിര്‍ണായകമായത്.ഭീകരസംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീനെ തകര്‍ക്കുന്നതിലും അദ്ദേഹം വലിയ പങ്കുവഹിച്ചു. മുംബൈ ഭീകരാക്രമണക്കേസ് അന്വേഷണ സംഘത്തിലും ദേക്കയുണ്ടായിരുന്നു. സിഖ് ഭീകരവാദം െകെകാര്യം ചെയ്ത പരിചയവും അദ്ദേഹത്തിനുണ്ട്. 2019-ല്‍ അസമില്‍ പൗരത്വനിയമ ഭേദഗതിക്കെതിരായ സംഘര്‍ഷം അമര്‍ച്ച ചെയ്യാന്‍ ആഭ്യന്തര മന്ത്രി അമിത് ഷാ പ്രത്യേക ചുമതല നല്‍കിയത് ദേക്കയ്ക്കായിരുന്നു. ഐ.ബി. മേധാവി അരവിന്ദ് കുമാര്‍ 30-നു വിരമിക്കുമ്പോള്‍ ദേക്ക ചുമതലയേല്‍ക്കും.

റോ മേധാവിക്കു കാലാവധി നീട്ടിക്കൊടുക്കുന്നത് ആദ്യമായാണ്. അഫ്ഗാന്‍, പാകിസ്താന്‍, പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ കാര്യത്തില്‍ വിദഗ്ധനാണു ഗോയല്‍.ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലുമായി സഹകരിച്ചു പ്രവര്‍ത്തിച്ച പരിചയസമ്പത്തുമുണ്ട്. ആഭ്യന്തരമന്ത്രി അമിത്ഷായുടെ വിശ്വസതനായും അദ്ദേഹം അറിയപ്പെടുന്നു. പഞ്ചാബ് കേഡര്‍ ഐ.പി.എസ്. ഉദ്യോഗസ്ഥനാണ്. ഓപ്പറേഷന്‍ വിദഗ്ധരായ ദേക്കയെയും ഗോയലിനെയും തന്ത്രപ്രധാന സ്ഥാനങ്ങളില്‍ നിയമിച്ചതിലൂടെ രണ്ട് ഏജന്‍സികളും തമ്മിലുള്ള കൂട്ടായപ്രവര്‍ത്തനത്തിനു കളമൊരുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള വെല്ലുവിളികള്‍ അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →