മുംബൈ: ശിവസേനയില്‍ ഉടലെടുക്കുന്ന അസ്വാരസ്യങ്ങള്‍ സംബന്ധിച്ച് ശരദ് പവാര്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എം.എല്‍.എമാരുമായി കൂടുതല്‍ അടുപ്പം സൃഷ്ടിക്കണമെന്നായിരുന്നു രാജ്യസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പവാറിന്റെ ഉപദേശം. ഉദ്ധവ് അത് ചെവിക്കൊള്ളാതിരുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്നും രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു. കോണ്‍ഗ്രസ്, ശിവസേന എം.എല്‍.എമാരില്‍ ചിലര്‍ വോട്ട് മറിച്ചതിനേത്തുടര്ന്ന് മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് ഒരു രാജ്യസഭാ സീറ്റ് അധികമായി നേടാന്‍ കഴിഞ്ഞിരുന്നു. ദിവസങ്ങള്‍ക്കു മുമ്പു നടന്ന എം.എല്‍.സി. തെരഞ്ഞെടുപ്പിലും സമാനസാഹചര്യമുണ്ടായി. ഇതേത്തുടര്‍ന്നാണു ഷിന്‍ഡെയുടെ നേതൃത്വത്തില്‍ വിമതനീക്കം ശക്തമായത്. ഒരു രാജ്യസഭാ സ്ഥാനാര്‍ഥിയെ മാത്രം ജയിപ്പിക്കാന്‍ ശേഷിയുണ്ടായിരുന്ന കോണ്‍ഗ്രസിനു ശിവസേനയുടെ ചെലവില്‍ രണ്ട് രാജ്യസഭാംഗങ്ങളെ ലഭിച്ചതും ഷിന്‍ഡെയെ ചൊടിപ്പിച്ചു. ഉദ്ധവിന്റെ നിര്‍ദേശപ്രകാരം ശിവസേന എം.എല്‍.എമാര്‍ കോണ്‍ഗ്രസിനു വോട്ട് ചെയ്യാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ഉദ്ധവിന്റെ മകനും മന്ത്രിയുമായ ആദിത്യ താക്കറെയ്ക്കു പാര്‍ട്ടിയിലും സര്‍ക്കാരിലും ലഭിച്ച മേല്െക്കെയും വിമതനീക്കത്തിന് എണ്ണപകര്‍ന്നു.
ശിവസേനയിലെ അസ്വാരസ്യങ്ങള്‍: പവാര്‍ താക്കറെയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു
