ന്യൂഡൽഹി: ഗോത്ര വിഭാഗത്തിൽ നിന്നുള്ള ആദ്യ വനിതാ ഗവർണർ എന്ന നിലയിൽ ചരിത്രത്തിന്റെ ഭാഗമായി മാറിയ വ്യക്തിയാണ് ദ്രൗപതി മുർമു. എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ആയതോടെ മറ്റൊരു ചരിത്ര നിയോഗത്തിന്റെ അരികിലാണ് ഒഡിഷയിൽ നിന്നുള്ള ഈ നേതാവ്. ഗോത്ര വിഭാഗത്തിൽനിന്ന് രാഷ്ട്രപതി സ്ഥാനാർഥിയാകാന്‍ അവസരം ലഭിച്ച ആദ്യ വനിതയായി അവർ മാറി.
ഒഡീഷയിലെ സന്താൾ വിഭാഗത്തിൽ നിന്നുള്ള നേതാവാണ് ദ്രൗപതി മുർമു. 1958 ജൂൺ 20ന് ഒഡീഷയിലെ മയൂർഭഞ്ജ് ജില്ലയിലെ ഉപർബേഡ ഗ്രാമത്തിലാണ് ജനനം. പിതാവ് ബിരാൻചി നാരായണൻ ടുഡു. ഭുവനേശ്വറിലെ രമാദേവി വനിതാ കോളേജിൽ നിന്ന് ബിരുദം നേടിയ ദ്രൗപതി ഒഡിഷ ജലസേചന വകുപ്പിൽ ജൂനിയർ അസിസ്റ്റൻറ് ആയും, രൈരാ നഗറിലെ ശ്രീ അരവിന്ദോ ഇൻറ്ഗ്രൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിൽ അസിസ്റ്റൻറ് ടീച്ചറായും പ്രവർത്തിച്ചു. പരേതനായ ശ്യാം ചരൺ മുർമുവാണ് ഭർത്താവ്. രണ്ട് ആൺമക്കളും, ഒരു മകളുമായിരുന്നു മുർമുവിന്.
ബിജെപി യിലൂടെയാണ് ദ്രൗപതി മുർമു പൊതുരംഗത്തേക്ക് എത്തിയത്. 20 വർഷത്തിലേറെയായി പൊതു രംഗത്തുള്ള അവർ മുന്‍പ് ഒരിടവേള അധ്യാപികയായും പ്രവർത്തിച്ചു. 1997 ൽ രായിരനഗ്പൂർ ജില്ലയിലെ കൗൺസിലറായാണ് രാഷ്ട്രീയ രംഗപ്രവേശം. അതേ വർഷം തന്നെ ഒഡീഷയിലെ ഷെഡ്യൂൾഡ് ട്രൈബ്സ് മോർച്ച വൈസ് പ്രസിഡണ്ടായി. 2002 മുതൽ 2009 വരെയും 2013ലും ബിജെപി മയൂർഭഞ്ജ് ജില്ലാ പ്രസിഡണ്ടായി. ഒഡീഷ നിയമസഭയിൽ രായിരനഗ്‌പുരിനെ പ്രതിനിധീകരിച്ചു. 2013 ൽ ബിജെപിയുടെ എസ് ടി മോർച്ച ദേശീയ എക്സിക്യൂട്ടീവ് അംഗം ആയി.
2000 മുതൽ 2002 വരെ നവീൻ പട്നായിക്ക് നേതൃത്വം നൽകിയ ബിജു ജനതാദൾ – ബിജെപി സഖ്യ സർക്കാരിൽ സ്വതന്ത്ര ചുമതലയുള്ള വാണിജ്യ-ഗതാഗത മന്ത്രിയായും, 2002 ഓഗസ്റ്റ് 6 മുതൽ 2004 മെയ് 16 വരെ ഫിഷറീസ് – മൃഗസംരക്ഷണ വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു. ജാർഖണ്ഡിലെ ഗവർണറായി (2015 – 2021) പ്രവർത്തിച്ചിട്ടുണ്ട്. ഒഡീഷ നിയമസഭയിൽ അംഗമായിരിക്കെ 2007 ൽ മികച്ച നിയമസഭ അംഗത്തിന് ഉള്ള പണ്ഡിറ്റ് നീലകണ്ഠ പുരസ്കാരം നേടി. നരേന്ദ്ര മോദിയുമായും, ആർഎസ്എസ് നേതൃത്വവുമായും, എൻഡിഎ ഘടകകക്ഷി നേതാക്കളുമായും മികച്ച ബന്ധം പുലർത്തുന്ന വ്യക്തി കൂടിയാണ്.

