അഖാഡി സഖ്യത്തിന് തിരിച്ചടിയായത് എം.എല്‍.സി. തെരഞ്ഞെടുപ്പ്

മുംബൈ: രണ്ടു ദിവസം മുമ്പു നടന്ന നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മഹാ വികാസ് അഖാഡി സഖ്യത്തിനുണ്ടായ അപ്രതീക്ഷിത തിരിച്ചടിയാണു സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ നീക്കങ്ങള്‍ക്കു വഴിമരുന്നിട്ടത്. ചതിയിലൂടെ മുഖ്യമന്ത്രിപദം സ്വന്തമാക്കിയ ഉദ്ധവ് താക്കറെയെ വീഴ്ത്താന്‍ കിട്ടുന്ന ഏതവസരവും പാഴാക്കേണ്ടെന്ന ഉറച്ച നിലപാടിലുള്ള ബി.ജെ.പി. അതിനായി ഏതറ്റം വരെ പോകാനും തയാര്‍. ബാല്‍ താക്കറെയുടെ കാലം കഴിഞ്ഞതോടെ മകന്‍ ഉദ്ധവ് ശിവസേനയെ കോണ്‍ഗ്രസിന്റെയും എന്‍.സി.പിയുടെയും തൊഴുത്തില്‍ കെട്ടിയെന്നു പരാതിയുള്ളവര്‍ ശിവസേനയില്‍ ഏറെയുണ്ടെന്നതു ബി.ജെ.പിക്ക് ആത്മവിശ്വാസം പകരുന്നു.എം.എല്‍.സി. തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. മത്സരിപ്പിച്ച അഞ്ചു പേരും ജയിച്ചു. സേനയും എന്‍.സി.പിയും രണ്ടു വീതം സീറ്റ് നേടി. രണ്ടു പേരെ മത്സരിപ്പിച്ച കോണ്‍ഗ്രസില്‍നിന്ന് ഒരാള്‍ മാത്രമാണു ജയിച്ചുകയറിയത്. ബി.ജെ.പിയുടെ പെട്ടിയില്‍ 134 വോട്ട് വീണു.വിമതനീക്കം നടത്തുന്ന ഷിന്‍ഡെയെ അനുനയിപ്പിക്കാമെന്ന പ്രതീക്ഷ ശിവസേനാ നേതാക്കള്‍ ഉപേക്ഷിച്ചിട്ടില്ല. മധ്യപ്രദേശിലെയും രാജസ്ഥാനിലെയും പോലെ മഹാരാഷ്ട്രയിലും സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചന നടക്കുകയാണെന്ന് ശിവസേനാ എം.പി. സഞ്ജയ് റൗത്ത് ആരോപിച്ചു.ഈ നീക്കം പരാജയപ്പെടുത്തുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. സര്‍ക്കാരിനു ഭീഷണിയില്ലെന്നും ശിവസേനയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉദ്ധവ് താക്കറെയ്ക്കു കഴിയുമെന്ന് ഉറപ്പുണ്ടെന്ന് എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →