സഖ്യകക്ഷികള്‍ക്ക് ഒന്നും ചെയ്യാനില്ല, ഇത് ശിവസേനയുടെ ആഭ്യന്തര കാര്യമെന്ന് പവാര്‍

ന്യൂഡല്‍ഹി: മഹാരാഷ്ട്ര സര്‍ക്കാരിനെ പിടിച്ചുലച്ച വിമതനീക്കം ശിവസേനയുടെ ആഭ്യന്തരപ്രശ്നമാണെന്ന് എന്‍.സി.പി. നേതാവ് ശരത് പവാര്‍. സഖ്യകക്ഷികള്‍ക്ക് ഇക്കാര്യത്തിലൊന്നും ചെയ്യാനില്ല. ശിവസേന നേതാവുകൂടിയായ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് പ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്ന വിശ്വാസമുണ്ട്. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം ഇത് മൂന്നാംതവണയാണ്. ഇക്കുറിയും അതിജീവിച്ച് സര്‍ക്കാര്‍ കാലാവധി തികയ്ക്കുമെന്നും പവാര്‍ അവകാശപ്പെട്ടു.ശിവസേനയില്‍ വിമതനീക്കത്തിനു നേതൃത്വം നല്‍കുന്ന ഏക്നാഥ് ഷിന്‍ഡെ ഒരിക്കല്‍പോലും മുഖ്യമന്ത്രിയാകണമെന്ന ആഗ്രഹം അറിയിച്ചിട്ടില്ലെന്നു പവാര്‍ ചൂണ്ടിക്കാട്ടി. നിലവില്‍ മുഖ്യമന്ത്രി സ്ഥാനം ശിവസേനയ്ക്കും ഉപമുഖ്യമന്ത്രി സ്ഥാനം എന്‍.സി.പിക്കുമാണ്. ആഭ്യന്തരപ്രശ്നത്തില്‍ ശിവസേന എന്ത് തീരുമാനമെടുത്താലും എന്‍.സി.പി. ഒപ്പമുണ്ടാകും. സര്‍ക്കാരില്‍ എന്തെങ്കിലും മാറ്റം വരുത്തണമെന്നു കരുതുന്നില്ലെന്നും പവാര്‍ വ്യക്തമാക്കി.ഏക്നാഥ് ഷിന്‍ഡെയ്ക്ക് ഉപമുഖ്യമന്ത്രിപദം നല്‍കി പ്രശ്നം പരിഹരിക്കാനാവില്ലെന്ന സൂചനയാണു പവാറിന്റെ വാക്കുകളിലുള്ളത്. ആശയപരമായി വിരുദ്ധധ്രുവങ്ങളിലുള്ള ശിവസേനയേയും കോണ്‍ഗ്രസിനെയും ബി.ജെ.പിക്കെതിരേ ഒന്നിപ്പിച്ച് മഹാരാഷ്ട്രയില്‍ സഖ്യസര്‍ക്കാരിനു കളമൊരുക്കിയതു പവാറാണ്. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ എന്‍.സി.പിയുടെ 53 എം.എല്‍.എമാരുടെ നിലപാട് ബി.ജെ.പിക്കും നിര്‍ണായകമാകും. ബി.ജെ.പിയുമായി എന്‍.സി.പി. ചേരുമോയെന്ന ചോദ്യത്തിനു ചിരിച്ചുകൊണ്ടായിരുന്നു പവാറിന്റെ മറുപടി. ”യുക്തിസഹമായ ചോദ്യം ചോദിക്കൂ”- അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →