ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനത്തേക്കു മത്സരിക്കാനില്ലെന്ന് പശ്ചിമ ബംഗാള്‍ മുന്‍ഗവര്‍ണറും മഹാത്മാഗാന്ധിയുടെ കൊച്ചുമകനുമായ ഗോപാല്‍കൃഷ്ണ ഗാന്ധി. തന്നെ രാഷ്ട്രത്തിന്റെ പ്രഥമ പൗരനാകാന്‍ പരിഗണിച്ചതില്‍ അതീവ നന്ദിയുള്ളവനാണെന്ന് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ സംയുക്തസ്ഥാനാര്‍ഥിയാകാനുള്ള ക്ഷണം നിരസിച്ചു കൊണ്ട് പുറപ്പെടുവിച്ച പ്രസ്താവനയില്‍ ഗോപാല്‍കൃഷ്ണ ഗാന്ധി വ്യക്തമാക്കി. ദേശീയതലത്തില്‍ തന്നേക്കാള്‍ പൊതുസമ്മതി സൃഷ്ടിക്കാന്‍ സാധ്യത ഉള്ള ഒരാളെ സ്ഥാനാര്‍ഥിയായി പരിഗണിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
എന്‍.സി.പി. അധ്യക്ഷന്‍ ശരത് പവാര്‍, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള എന്നിവര്‍ പ്രതിപക്ഷത്തിന്റെ സംയുക്ത രാഷ്ട്രപതി സ്ഥാനാര്‍ഥി ആവാനുള്ള വാഗ്ദാനം നിഷേധിച്ച പിന്നാലെ ഗോപാല്‍കൃഷ്ണ ഗാന്ധിയുടെ പേരായിരുന്നു ഏറ്റവുമധികം പറഞ്ഞുകേട്ടിരന്നത്.
രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള സമയം അടുത്തതിനാല്‍ പ്രതിപക്ഷ കക്ഷികള്‍ ഇന്നു യോഗം ചേര്‍ന്ന് സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ സമവായം സൃഷ്ടിക്കാനാണ് സാധ്യത. എന്നാല്‍, ഇതില്‍ പങ്കെടുക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി വ്യക്തമാക്കിയിട്ടുണ്ട്. പകരം മരുമകന്‍ അഭിഷേക് ബാനര്‍ജിയായിരിക്കും പാര്‍ട്ടിയെ പ്രതിനിധീകരിക്കുക. കഴിഞ്ഞാഴ്ച മമതയുടെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം തീരുമാനമെടുക്കാതെ പിരിഞ്ഞിരുന്നു. ജൂെലെ 18 നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ 21 നും.

