കൊച്ചി: അതിജീവിതയുടെ വെളിപ്പെടുത്തലിൽ നടൻ വിജയ് ബാബുവിനും പോലീസിനുമെതിരെ ആഞ്ഞടിച്ച് ജസ്റ്റിസ് കെമാൽ പാഷ. വിജയ് ബാബു നടിയുടെ പേര് വെളിപ്പെടുത്തിയത് ഗുരുതരമായ തെറ്റാണെന്നും ആ ഒറ്റകാരണം മതി അയാളെ പിടിച്ച് അകത്തിടാനെന്നും ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു.
പോലീസ് ശ്രമിച്ചിരുന്നെങ്കിൽ വിജയ് ബാബുവിനെ നേരത്തെ തന്നെ അറസ്റ്റ് ചെയ്യാമായിരുന്നു. പലർക്കും പല നീതി എന്നത് ശരിയല്ല. അതിജീവിതയ്ക്ക് ഒരു കോടി വാഗ്ദാനം ചെയ്തതിന് തെളിവുണ്ടെങ്കിൽ ഗൗരവമുള്ള കാര്യമാണ്. ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ ഭയപ്പെടുന്നത് എന്തിനാണെന്നും കെമാൽ പാഷ ചോദിച്ചു.
നിർമ്മാതാവും നടനുമായ വിജയ് ബാബുവിനെതിരെ ഗുരുതരമായ പീഡന പരാതി ഉന്നയിച്ച അതിജീവിതയായ നടി കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങൾക്ക് അനുവദിച്ച അഭിമുഖത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് നടത്തിയത്. ഇതിന് പിന്നാലെയാണ് ജസ്റ്റിസ് കെമാൽ പാഷയുടെ പ്രതികരണം.