അഗ്‌നിവീറുകളെ കാത്തിരിക്കുന്നത് കൈനിറയെ അവസരങ്ങളും ജോലി സാധ്യതകളും

ന്യൂഡല്‍ഹി: നാലു വര്‍ഷത്തിനു ശേഷം സേനയില്‍നിന്നു പുറത്തുപോരേണ്ടിവരുന്ന അഗ്‌നിവീറുകള്‍ക്കു മുന്നിലുണ്ടാകുക കൈനിറയെ അവസരങ്ങളും ജോലി സാധ്യതകളും.ഈ ഇളവുകളും കൂടുതല്‍ കൂടുതല്‍ അവസരങ്ങളും നേരത്തേയുള്ള തീരുമാനങ്ങളാണെന്നും അവ പ്രതിഷേധങ്ങള്‍ കണക്കിലെടുത്തുള്ളതല്ലെന്നും പ്രതിരോധ മന്ത്രാലയം. പ്രതിഷേധങ്ങളില്‍ പങ്കെടുത്ത് കേസില്‍പ്പെടുന്നവര്‍ക്ക് മുന്നില്‍ സേനയുടെ വാതിലുകള്‍ ഇനി തുറക്കില്ലെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

അഗ്‌നിവീറുകള്‍ക്കു സേവനത്തിനിടയില്‍ത്തന്നെ പ്ലസ് ടു, ഡിപ്ലോമ, ബിരുദങ്ങള്‍ നേടാന്‍ അവസരമുണ്ട്. അവര്‍ക്ക് തീരരക്ഷാസേനയിലും പ്രതിരോധ രംഗത്തെ സിവിലിയന്‍ ജോലികളിലും ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്സും ഭാരത് ഇലക്ട്രോണിക്സുമടക്കം പ്രതിരോധ രംഗത്തെ 1പൊതുമേഖലാ സ്ഥാപനങ്ങളിലും 10 ശതമാനം സംവരണം നല്‍കും.ഗ്രൂപ്പ് സി, ഡി തസ്തികകളില്‍ നിയമനത്തിനുള്ള ഈ സംവരണം നാലു ഷിപ്പ്യാര്‍ഡുകളിലും 41 ഓര്‍ഡിനന്‍സ് ഫാക്ടറികളിലും ലഭിക്കും. നിലവില്‍ എക്സ് സര്‍വീസുകാര്‍ക്ക് നല്‍കുന്ന സംവരണത്തിനു പുറമേയാണിത്. പ്രായപരിധിയിലും ഇളവുണ്ടാകും.

കേന്ദ്ര സായുധ പോലീസ് സേനകള്‍, അസം റൈഫിള്‍സ് എന്നിവയിലും 10 ശതമാനം സംവരണമുണ്ട്. അസം, മണിപ്പുര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്, അരുണാചല്‍ പ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങള്‍ പോലീസ് സേനാ നിയമനങ്ങളില്‍ ഇവര്‍ക്ക് മുന്‍ഗണന പ്രഖ്യാപിച്ചിട്ടുണ്ട്.ഇലക്ട്രിക്, ഇലക്ട്രോണിക്, ഇലക്ട്രോ ടെക്നിക്കല്‍ തുടങ്ങി മര്‍ച്ചന്റ് നേവിയിലെ ആറു വിഭാഗം ജോലികളിലേക്ക് പരിശീലനം ലഭിക്കും. അഗ്‌നിവീറുകളെ സ്വീകരിക്കാന്‍ ഹൗസിങ്, പെട്രോളിയം മന്ത്രാലയങ്ങള്‍ നടപടി തുടങ്ങി. സ്വയം സംരംഭങ്ങള്‍ തുടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍ വായ്പ കിട്ടും. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇതിനു സന്നദ്ധത അറിയിച്ചിട്ടുണ്ട്. അഗ്‌നിപഥ് പദ്ധതി വഴി ഭാവിയില്‍ സേനകളുടെ അംഗബലം കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാല്‍, കാര്യക്ഷമതയില്‍ വിട്ടുവീഴ്ചയുണ്ടാകില്ല. നിലവില്‍ 14 ലക്ഷമാണു കര, നാവിക, വ്യോമ സേനകളുടെ ആകെ അംഗബലം.

ഇത് ഘട്ടംഘട്ടമായി കുറയ്ക്കുകയാണ് ലക്ഷ്യം. പ്രതിവര്‍ഷം മൂന്നു സേനകളില്‍ നിന്നുമായി 70,000 പേരാണു വിരമിക്കുന്നത്. കോവിഡ് മൂലം കഴിഞ്ഞ രണ്ടു വര്‍ഷം റിക്രൂട്മെന്റ് നടക്കാത്തതിനാല്‍, കരസേനയില്‍ മാത്രം നിലവില്‍ ഒരു ലക്ഷത്തിലധികം ഒഴിവുണ്ട്. അടുത്ത വര്‍ഷങ്ങളിലും വിരമിക്കലിന് തുല്യമായ റിക്രൂട്ട്മെന്റ് ഉണ്ടാവില്ലെന്നാണ് സൂചന. അതുവഴി ക്രമേണ അംഗബലം കുറയ്ക്കും. ഭാവിയില്‍ ആകെ സൈനികരുടെ എണ്ണം 10 ലക്ഷത്തിലേക്ക് കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →