മൂക്കന്നൂര്‍-ഏഴാറ്റുമുഖം, ബ്ലാച്ചിപ്പാറ-പാലിശ്ശേരി റോഡ് വികസനം പുരോഗമിക്കുന്നു, റീബില്‍ഡ് കേരള പദ്ധതിയില്‍ 91.89 കോടി രൂപ വകയിരുത്തി നിര്‍മ്മാണം

അങ്കമാലി നിയോജക മണ്ഡലത്തിലെ മലയോരമേഖലയിലെ വികസനത്തിന് വഴിതുറന്ന് മൂക്കന്നൂര്‍-ഏഴാറ്റുഖം, ബ്ലാച്ചിപ്പാറ-പാലിശ്ശേരി റോഡ് നിര്‍മ്മാണം പുരോഗമിക്കുന്നു. മലയോര  ഹൈവേയെ കൊച്ചിയുമായി ബന്ധിപ്പിക്കുന്ന മൂക്കന്നൂര്‍ -ഏഴാറ്റുഖം റോഡ് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഏഴാറ്റുമുഖം പ്രകൃതി ഗ്രാമത്തിലേക്കുള്ള വഴിയും തെക്കന്‍ ജില്ലകളില്‍ നിന്ന് ആതിരപ്പള്ളി, വാഴച്ചാല്‍ എന്നിവിടങ്ങളിലേക്കുള്ള എളുപ്പമാര്‍ഗവുമാണ്.

പൊതുമരാമത്ത് വകുപ്പ് റീ-ബില്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി സംസ്ഥാന ഹൈവേയുടെ നിലവാരത്തിലാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത്. പ്രളയത്തോട് അനുബന്ധിച്ചുള്ള പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജെര്‍മന്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ സഹായത്തോടെ 91.89 കോടി രൂപ വകയിരുത്തിയാണ് നിര്‍മ്മാണം. കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രോജക്ടിനാണ് പദ്ധതിയുടെ നിര്‍മ്മാണ ചുമതല.

റോഡുകളുടെ ടാറിങ്ങ് പ്രവര്‍ത്തനവും കാനകളുടെയും കലിങ്കുകളുടെയും നിര്‍മ്മാണവും പുരോഗമിക്കുകയാണ്.  2023 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.

ദേശീയപാതയില്‍ കരയാംപറമ്പ് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് മൂന്നൂര്‍പ്പിള്ളിയില്‍ അവസാനിക്കുന്ന മൂക്കന്നൂര്‍ -ഏഴാറ്റുമുഖം റോഡിന് 14 കിലോമീറ്ററും ബ്ലാച്ചിപ്പാറ – പാലിശ്ശേരി റോഡിന് 6 കിലോമീറ്റര്‍ നീളവുമാണുള്ളത്. ആധുനിക നിലവാരത്തില്‍ റോഡ് സുരക്ഷയ്ക്കു പ്രാധാന്യം നല്‍കി നടപ്പിലാക്കുന്ന പദ്ധതിയില്‍ മൂക്കന്നൂര്‍-ഏഴാറ്റുമുഖം റോഡിന്റെ പൂതംകുറ്റി വരെയുള്ള 10 കിലോമീറ്ററില്‍ 7.5 മീറ്റര്‍ വീതിയിലും പൂതംകുറ്റി മുതല്‍ മുന്നൂര്‍പ്പിള്ളി വരെ 5.5 മീറ്റര്‍ വീതിയിലും, ബ്ലാച്ചിപ്പാറ-പാലിശ്ശേരി റോഡ് 4 മീറ്റര്‍ നീളത്തിലുമാണ് ബി.എം.ബി.സി നിലവാരത്തില്‍ ഉയര്‍ത്തുന്നത്.

2018ലെ പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച റോഡിന്റെ വികസനത്തിന് റോജി. എം. ജോണ്‍ എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്നാണ് പുനര്‍നിര്‍മ്മാണത്തിന് തുക അനുവദിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →