കൊച്ചി: ക്രൈം നന്ദകുമാർ കൊച്ചിയിൽ അറസ്റ്റിൽ. മന്ത്രി വീണ ജോർജ്ജിന്റെ അശ്ലീലവീഡിയോ നിർമ്മിക്കാൻ സ്ഥാപനത്തിലെ ജീവനക്കാരി പ്രേരിപ്പിച്ചു എന്ന പരാതിയിലാണ് അറസ്റ്റ്. കാക്കനാട് സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി. എറണാകുളം എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. ആരോഗ്യമന്ത്രി വീണാ ജോർജ്ജിന്റെ അശ്ലീല വീഡിയോ ഉണ്ടാക്കാൻ പ്രേരിപ്പിച്ചു എന്നും നിരസിച്ചപ്പോൾ മാനസികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.
നേരത്തെ വീണ ജോർജ്ജിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന്റെ പേരിൽ കാക്കനാട് പോലീസ് ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. ഫോണിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയെന്നും, വോയിസ് ക്ലിപ്പ് സാമൂഹിക മാധ്യമം വഴി പ്രചരിപ്പിച്ചു എന്നതുമായിരുന്നു കേസ്. സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്നസുരേഷ് അടുത്തിടെ മുഖ്യമന്ത്രിക്കും, കുടുംബത്തിനും എതിരെ നടത്തിയ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ പിസി ജോർജ്ജും, നന്ദകുമാറും ആണെന്ന് ആരോപണമുയർന്നിരുന്നു. നന്ദകുമാർ ഇത് നിഷേധിച്ചെങ്കിലും സ്വപ്നയെയും, ക്രൈം നന്ദകുമാറിനെയും കൊച്ചിയിൽ വെച്ച് കണ്ടു എന്ന് പിന്നീട് പിസി ജോർജ് സ്ഥിരീകരിച്ചിരുന്നു. ഇക്കാര്യത്തിൽ സോളാർ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായർ സ്വപ്നയുടെ വെളിപ്പെടുത്തൽ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകി.
ക്രൈം നന്ദകുമാറും, താനും, സ്വപ്നയും കൊച്ചിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു എന്നാണ് ജനപക്ഷ നേതാവ് പി സി ജോർജ് പറഞ്ഞത്. കൊച്ചി പിഡബ്ള്യുഡി റസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച നടന്നതെന്നും, തീയതി കൃത്യമായി ഓർക്കുന്നില്ലെന്നും പിസി ജോർജ് പറഞ്ഞു. അഞ്ചു മിനിറ്റ് മാത്രമാണ് കൂടിക്കാഴ്ച നീണ്ടത്. എന്നാൽ ഇത് ഗൂഢാലോചനയുടെ ഭാഗമായിരുന്നില്ലെന്നുo ജോർജ്ജ് വ്യക്തമാക്കിയിരുന്നു.

