വിതുരയിലെ ഹോട്ടൽ ജീവനക്കാരനെ മർദ്ദിച്ച കേസിൽ മൂന്ന് പേർ പിടിയിലായി

തിരുവനന്തപുരം: വിതുരയിലെ ഹോട്ടൽ ജീവനക്കാരനായ 21 കാരൻ ഹാരിഷിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച കേസിൽ മൂന്ന് പേർ പിടിയിലായി . പെരിങ്ങമ്മല സ്വദേശി ബാദുഷ, നെടുമങ്ങാട് സ്വദേശികളായ അൽഫയാദ്, സുൽത്താൻ ഷാ എന്നിവരാണ് അറസ്റ്റിലായത്. മർദനമേറ്റയാൾ മുമ്പ് ജോലി ചെയ്തിരുന്ന ഹോട്ടലിൻറെ ഉടമകളാണ് പ്രതികൾ.

21 കാരനായ ഹാരിഷ് രണ്ട് ദിവസം മുമ്പാണ് വിതുരയിലെ ഹോട്ടലിൽ ജോലിക്ക് കയറിയത്. അതുവരെ ബാദുഷ യുടെയും അൽഫയാദിൻറെയും ഉടമസ്ഥതയിലുള്ള ഹോട്ടലിലാണ് ജോലി ചെയ്തിരുന്നത്. ഉടമകളോട് പറയാതെയാണ് ഹാരിഷ് ജോലി ഉപേക്ഷിച്ചത്. ഇതാണ് പ്രകോപന കാരണമെന്ന് പ്രതികൾ പറയുന്നു. കേസിലെ മൂന്നാം പ്രതി സുൽത്താൻ ഷാ, ഹാരിസിൻറെ സുഹൃത്താണ്. സുൽത്താൻ ഷായാണ് ഹാരിഷ് വിതുരയിലുണ്ടെന്ന് കണ്ടെത്തിയതും താമസസ്ഥലം മറ്റ് പ്രതികൾക്ക് പറഞ്ഞുകൊടുത്തതും.

കഴിഞ്ഞ ദിവസം വൈകീട്ട് വിതുരയിലെത്തിയ മൂന്നംഗ സംഘം ഹാരിഷിനെ താമസ സ്ഥലത്തുനിന്നും പിടിച്ചിറക്കി. പെരിങ്ങമ്മലയിലെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചു. ഇവിടെവെച്ച് ക്രൂരമായി മർദ്ദിച്ച് ശേഷം വഴിയിൽ തള്ളുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →