തിരുവനന്തപുരം: രഹസ്യമൊഴി നൽകും മുമ്പ് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന നൽകിയ സത്യവാങ്മൂലത്തിൽ മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണനെതിരെ ആരോപണം. ഷാർജ ഭരണാധികാരിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കണമെന്ന് ശ്രീരാമകൃഷ്ണൻ ആവശ്യപ്പെട്ടു. താൻ ഇടപെട്ട് ഇതിനുള്ള അവസരമൊരുക്കിയെന്നും സത്യവാങ്മൂലത്തിൽ സ്വപ്‌ന പറയുന്നു. ഷാർജയിൽ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാനായിരുന്നു പദ്ധതിയെന്നും സത്യവാങ്മൂലത്തിൽ പരാമർശമുണ്ട്.
മിഡിൽ ഈസ്റ്റ് കോളേജിന് ഭൂമി ലഭ്യമാക്കുന്നതിനായി ഷാർജ ഭരണാധികാരിയുമായി ബന്ധപ്പെടുന്നതിന് കോൺസുൽ ജനറലിന് കൈക്കൂലി നൽകിയെന്നും സ്വപ്‌ന സുരേഷ് ആരോപണം ഉന്നയിക്കുന്നു. കൈക്കൂലി അടങ്ങിയ ബാഗ് നൽകിയെന്നും അത് സരിത്താണ് ഏറ്റുവാങ്ങിയതെന്നും അത് പിന്നീട് കസ്റ്റംസ് പിടിച്ചെടുത്തുവെന്നുമുള്ള ആരോപണമാണ് ശ്രീരാമകൃഷ്ണനെതിരേ സ്വപ്‌ന സുരേഷ് ഉന്നയിക്കുന്നത്.
നേരത്തെ ഈ കേസ് കസ്റ്റംസ് അന്വേഷിച്ചിരുന്നു. കോളേജിന്റെ ഉടമകളെ അടക്കം വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ശ്രീരാമകൃഷ്ണനിൽനിന്ന് മൊഴിയെടുക്കുകയും ചെയ്തിരുന്നു. ബാഗ് കസ്റ്റംസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പക്ഷേ, ഭൂമി ലഭ്യമാക്കുന്നതിന് വേണ്ടിയാണ് കോഴ നൽകിയെന്ന കണ്ടത്തലിലേക്ക് കസ്റ്റംസ് പോയിരുന്നില്ല. കുറ്റപത്രം കോടതിയിൽ നൽകിയപ്പോൾ ശ്രീരാമകൃഷ്ണന്റെ പങ്കും കസ്റ്റംസ് കണ്ടെത്തിയിരുന്നില്ല.

