ഇടുക്കി: നെടുങ്കണ്ടത്ത് അങ്കണവാടി കെട്ടിടത്തിന്റെ സീലിംഗ് തകർന്ന് വീണു. കുട്ടികൾ മറ്റൊരു മുറിയിലായിരുന്നതിനാൽ അപകടം ഒഴിവായി. നെടുങ്കണ്ടം പഞ്ചായത്തിലെ കുഞ്ഞൻ കോളനി അങ്കണവാടിയിലാണ് സംഭവം. രണ്ട് വർഷം മുൻപ് നിർമ്മിച്ച കെട്ടിടത്തിന്റെ സീലിംഗാണ് തകർന്നത്. കുട്ടികളുടെ കളിക്കാൻ ഉപയോഗിക്കുന്ന മുറിയുടെ മേൽക്കൂരയിലെ പിവിസി ഷീറ്റു കൊണ്ടുള്ള സീലിംഗാണ് തകർന്നത്.
സീലിംഗ് തകർന്നു വീഴുമ്പോൾ കുട്ടികൾ തൊട്ടുത്ത പഠന മുറിയിലായിരുന്നു. മുറിയിൽ നിന്നും ശബ്ദം കേട്ട് ജീവനക്കാരിയെത്തി നോക്കുമ്പാഴായിരുന്നു സംഭവം. കളികൾക്കായി കുട്ടികളെ കൊണ്ടുവരാൻ തുടങ്ങുന്നതിന് മുൻപാണ് അപകടം നടന്നത്. ഈ മുറിക്കുള്ളിലാണ് ശുചിമുറിയും ക്രമീകരിച്ചിരിക്കുന്നത്. കുറച്ചു നാൾ മുൻപ് മുറിയുടെ ഒരു ഭാഗത്തെ സീലിംഗ് ഷീറ്റുകൾ തകർന്നിരുന്നു.
ബാക്കി ഭാഗവും തകർന്നു വീഴാൻ സാധ്യതയുണ്ടെന്ന് അങ്കണവാടി ജീവനക്കാർ പഞ്ചായത്തിനും ഐസിഡിഎസിനും റിപ്പോർട്ട് നൽകിയെങ്കിലും നടപടിയൊന്നുമെടുത്തില്ല. എന്നിട്ടും പഞ്ചാത്തിലെ അസിസ്റ്റൻറ് എൻജിനീയർ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് നൽകി.
രണ്ട് വർഷം മുൻപ് 14 ലക്ഷം രൂപാ മുടക്കിയാണ് സാക്ഷാരതാ മിഷൻ കെട്ടിടത്തിന്റെ മുകളിൽ അങ്കണവാടിക്കായി മുറികൾ പണിതത്. നിർമ്മാണത്തിലെ അപാകതയാണ് ഇതിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവം സംബന്ധിച്ച് ഐസിഡിഎസ് അന്വേഷണം തുടങ്ങി

