ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ ആശങ്കയായി യു.എസിലെ പണപെരുപ്പ നിരക്കുകള്‍ കുതിക്കുന്നു. മേയ് മാസത്തെ യു.എസിലെ പണപ്പെരുപ്പ നിരക്കുകളില്‍ വീണ്ടും വര്‍ധന. വാര്‍ഷിക വിലക്കയറ്റ നിരക്ക് 40 വര്‍ഷത്തെ ഉയര്‍ന്ന നിലവാരമായ 8.6ശതമാനമാണ്. ഏപ്രില്‍ മാസത്തെ അപേക്ഷിച്ച് ഒരുശതമാനം വര്‍ധനവാണുണ്ടായിട്ടുള്ളത്. ഇതോടെ വീണ്ടും നിരക്കു വര്‍ധനവുമായി കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് മുന്നോട്ടുപോകുമെന്നുറപ്പായി. അടുത്ത ആഴ്ച ആഗോളതലത്തില്‍ ഓഹരി വിപണിയെ ബാധിക്കാന്‍ പോകുന്ന പ്രധാന ഘടഘം ഫെഡിന്റെ തീരുമാനമായിരിക്കും. യു.എസ്. സമ്പത്വ്യവസ്ഥയിലും അതുവഴി ലോക സമ്പത്വ്യവസ്ഥയിലും അത് പ്രത്യാഘാതം സൃഷ്ടിക്കും. നിത്യോപയോഗ സാധനങ്ങളുടെയും ഇന്ധനത്തിന്റെയും വിലയിലുണ്ടായ വര്‍ധനവാണ് പണപ്പെരുപ്പ സൂചിക ഉയരാനുള്ള പ്രധാനപ്പെട്ട കാരണം.
പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തില്‍ അടുത്തയാഴ്ച തുടങ്ങാനിരിക്കുന്ന ഫെഡറല്‍ റിസര്‍വിന്റെ യോഗങ്ങളില്‍ അര ശതമാനം വീതം നിരക്ക് വര്‍ധിക്കാനുള്ള സാധ്യതയേറയാണ്. അസംസ്‌കൃത എണ്ണവിലിയലെ കുതിപ്പും ഭൗമ രാഷ്ട്രീയ സംഘര്‍ഷങ്ങളും വരും മാസങ്ങളിലും വിലക്കയറ്റം തുടര്‍ന്നേക്കാമെന്ന സൂചനയാണ് നല്‍കുന്നത്. പണപ്പെരുപ്പ നിരക്ക് വര്‍ധിച്ചതോടെ ഡോളര്‍ കരുത്താര്‍ജിക്കുകയും യുഎസ് ട്രഷറി ആദായത്തില്‍ കുതിപ്പുണ്ടാകുകയും ചെയ്തു. ഓഹരി സൂചികകള്‍ കനത്ത തിരിച്ചടിയാണ് നേരിട്ടത്. യു.എസ്. കടപ്പത്ര ആദായം മുന്നുശതമാനത്തിന് മുകളിലാണ് എത്തിയത്.

