കോട്ടയം: സ്വർണക്കടത്ത് വിവാദങ്ങൾക്കിടയിൽ മുഖ്യമന്ത്രിയുടെ സുരക്ഷ പോലീസ് കൂട്ടി. കോട്ടയത്തെ പൊതു പരിപാടിക്ക് വൻ സുരക്ഷാ വിന്യാസം ഏർപ്പെടുത്തി. മാധ്യമപ്രവർത്തകർക്കായി പ്രത്യേക പാസ്സും ഏർപ്പെടുത്തിയിട്ടുണ്ട്. പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് വേദിയിൽ എത്താൻ മാധ്യമങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്താണ് നിയന്ത്രണങ്ങൾ എന്ന് പോലീസ് പറയുന്നു.
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സമ്മേളന ഉദ്ഘാടനത്തിനാണ് മുഖ്യമന്ത്രി കോട്ടയത്ത് എത്തുന്നത്. മുഖ്യമന്ത്രി വരുന്നതിനു മുന്നോടിയായി കോട്ടയം നഗരത്തിലെ പ്രധാന റോഡുകളെല്ലാം മുന്നറിയിപ്പില്ലാതെ അടച്ചു. മുഖ്യമന്ത്രി വരുന്നതിനും ഒന്നേകാൽ മണിക്കൂർ മുമ്പേ ആണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. ബസേലിയോസ് ജംഗ്ഷൻ, കളക്ടറേറ്റ് ജംഗ്ഷൻ, ചന്ത ക്കവല, ഈരയിൽ കടവ് തുടങ്ങി കെ കെ റോഡിലെ എല്ലാ പ്രധാന കവലകളും അടച്ചു.
സ്വർണ -ഡോളർ കടത്ത് ആരോപണ പ്രത്യാരോപണങ്ങൾക്കിടെ വിവാദങ്ങൾക്ക് പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ” എന്തും വിളിച്ചുപറയുന്ന അവരുടെ പിന്നിൽ ഏത് കൊലകൊമ്പൻ ആയാലും കണ്ടുപിടിക്കും ” എന്ന് മുഖ്യമന്ത്രി കോട്ടയത്ത് പറഞ്ഞു. സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങളെ പേരെടുത്ത് പറയാതെ പരോക്ഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. “വിരട്ടാൻ ഒന്നും നോക്കണ്ട ഏതുതരത്തിലുള്ള പിപ്പിടി കാട്ടിയാലും അതൊന്നും ഏശില്ല. തുടർ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകും”. നവകേരളം സൃഷ്ടിക്കലാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. 2021 ൽ വലിയ പടയൊരുക്കവും, നുണ പ്രചാരണത്തിന്റെ മഴവെള്ളപ്പാച്ചിലും ഉണ്ടായി. പ്രചരണത്തിന് നാട്ടിലെ നല്ല ഭാഗം പത്ര ദൃശ്യ മാധ്യമങ്ങളും കൂടി . പക്ഷേ ജനങ്ങൾ ഞങ്ങളെ മനസ്സിലാക്കി. നിങ്ങൾ 99 സീറ്റിൽ ഭരണം നടത്താൻ ജനങ്ങൾ ആവശ്യപ്പെട്ടു. ഞങ്ങൾ അത് ശിരസാവഹിക്കുകയാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

