രാഷ്ട്രപതി തെരഞ്ഞെടുപ്പ്: എം.പി വോട്ടിന്റെ മൂല്യം 708 ആയിരുന്നത് 700 ആയി കുറഞ്ഞു

ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനത്തേക്ക് രാംനാഥ് കോവിന്ദിന്റെ പിന്‍ഗാമിയെ തെരഞ്ഞെടുക്കാനായി ജനപ്രതിനിധികള്‍ ജൂലൈ 18ന് വോട്ട് ചെയ്യാനിരിക്കെ, പാര്‍ലമെന്റ് അംഗങ്ങളുടെ വോട്ടിന്റെ മൂല്യം കുറഞ്ഞു.കഴിഞ്ഞ തവണ ഒരു എം.പിയുടെ വോട്ടിന്റെ മൂല്യം 708 ആയിരുന്നത് ഇക്കുറി 700 ആയാണ് കുറയുന്നത്. 83 അംഗങ്ങളുണ്ടായിരുന്ന ജമ്മു-കശ്മീര്‍ നിയമസഭ ഇല്ലാതായതാണ് എം.പിമാരുടെ വോട്ട് മൂല്യത്തില്‍ പ്രതിഫലിച്ചത്.

തെരഞ്ഞെടുക്കപ്പെട്ട എം.പിമാര്‍ക്കും ഡല്‍ഹിയും പുതുച്ചേരിയുമടക്കം സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും നിയമസഭാംഗങ്ങള്‍ക്കുമാണ് വോട്ടവകാശം.പാര്‍ലമെന്റിലെയും നിയമസഭകളിലെയും നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്കും ലെജിസ്ലേറ്റിവ് കൗണ്‍സിലിലെ അംഗങ്ങള്‍ക്കും വോട്ടില്ല.ജമ്മു-കശ്മീര്‍ പുനഃസംഘടനാ നിയമം വന്നതോടെയാണ് അവിടെ നിയമസഭ ഇല്ലാതായത്. ലഡാക്ക് കേന്ദ്രഭരണ പ്രദേശമായി നിലനിര്‍ത്താനും ജമ്മു കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താനും പദ്ധതിയുണ്ട്.തെരഞ്ഞെടുപ്പിനു മുന്നോടിയായി മണ്ഡലപുനര്‍നിര്‍ണയ നടപടി നടക്കുന്നതേയുള്ളൂ. തൊണ്ണൂറംഗ നിയമസഭയ്ക്കാണു തീരുമാനം. അതേസമയം, അവിടെനിന്നുള്ള പാര്‍ലമെന്റംഗങ്ങള്‍ക്കു വോട്ടുണ്ട്.1974-ല്‍ 182 അംഗങ്ങളുള്ള ഗുജറാത്ത് നിയമസഭ പിരിച്ചുവിട്ടപ്പോഴാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഇതിനു മുമ്പ് ഏതെങ്കിലും സംസ്ഥാനത്ത് വോട്ട് ഇല്ലാതായിട്ടുള്ളൂ.നവനിര്‍മാണ്‍ പ്രക്ഷോഭത്തെത്തുടര്‍ന്നു പിരിച്ചുവിട്ട നിയമസഭ രാഷ്ട്രപതി തെരഞ്ഞെടുപ്പിനു മുമ്പായി പുനഃസ്ഥാപിക്കാനായില്ല. അന്നു ഫക്രുദീന്‍ അലി അഹമ്മദാണ് തെരഞ്ഞെടുക്കപ്പെട്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →