ന്യൂഡല്‍ഹി: കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന ആശങ്കകള്‍ക്കിടെ, നാലാം തരംഗത്തെക്കുറിച്ച് പരിഭ്രാന്തിവേണ്ടെന്ന വിശദീകരണവുമായി ആരോഗ്യവിദഗ്ധര്‍.ഏതാനും ജില്ലകളില്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടെങ്കിലും രാജ്യത്തുടനീളമുള്ള കേസുകളുടെ ഏകീകൃത വര്‍ധനയായി ഇതിനെ കണക്കാക്കാനാകില്ലെന്ന് ഐ.സി.എം.ആറിലെ ആരോഗ്യവിദഗ്ധന്‍ സമീരന്‍ പാണ്ഡേ വ്യക്തമാക്കി.
പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഇപ്പോഴുണ്ടായിരിക്കുന്ന വര്‍ധന നാലാം തരംഗത്തിന്റെ സൂചനയാണെന്നു പറയുന്നത് തെറ്റാണ്. എല്ലാ സംസ്ഥാനങ്ങളില്‍നിന്നും ജില്ലകളില്‍നിന്നുമുള്ള കണക്കുകള്‍ പരിശോധിക്കേണ്ടതുണ്ട്. ഏതാനും ജില്ലകളില്‍ വ്യാപനം രൂക്ഷമാണ്. എന്നാല്‍, രാജ്യത്താകമാനം അത്തരത്തിലുള്ള വ്യാപനമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡ് െവെറസിന്റെ എല്ലാ വകഭേദങ്ങളും ആശങ്കയുടെ വകഭേദങ്ങളല്ല. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കരുതെന്നും മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതിനു തൊട്ടുപിന്നാലെയാണ് സമീരന്‍ പാണ്ഡേയുടെ പ്രതികരണം. രോഗികളുടെ എണ്ണം വര്‍ധിക്കുന്നതു കണക്കിലെടുത്ത് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ മുന്നൊരുക്കം നടത്താനും പ്രതിരോധ നടപടികള്‍ െകെക്കൊള്ളണമെന്നും ചൂണ്ടിക്കാട്ടി നേരത്തേ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചിരുന്നു.അതേസമയം, വെള്ളിയാഴ്ച 24 മണിക്കൂറിനിടെ രാജ്യത്ത് 7584 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.24 മരണങ്ങളും കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണം 5,24,747 ആയി. വ്യാഴാഴ്ച 7,240 പേര്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചത്.

