മികച്ച എൻഎസ്എസ് പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കി ഈസ്റ്റ് മാറാടി വി എച്ച് എസ്സ്

മൂവാറ്റുപുഴ : മികച്ച നാഷണൽ സർവീസ് സ്‌കീം പ്രവർത്തനങ്ങൾക്കുള്ള രണ്ട് സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കി മൂവാറ്റുപുഴ ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ്. സ്‌കൂൾ. മികച്ച എൻ.എസ്.എസ്. യൂണിറ്റിനും മികച്ച പ്രോഗ്രാം ഓഫീസർക്കുമുള്ള പുരസ്‌കാരങ്ങളാണ് ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ്സ് സ്കൂൾ സ്വന്തമാക്കിയത്.

മികച്ച എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡ് സമീർ സിദ്ദിഖിയും മികച്ച യൂണിറ്റിനുള്ള അവാർഡ് പ്രിൻസിപ്പൽ റനിത ഗോവിന്ദ്, പി.ടി.എ. പ്രസിഡന്റ് സിനിജ സനിൽ, അധ്യാപകനായ രതീഷ് വിജയൻ എന്നിവർ ചേർന്നും ഏറ്റുവാങ്ങി. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ചടങ്ങിലാണ് പുരസ്‌കാരങ്ങൾ സമ്മാനിച്ചത്.

സംസ്ഥാനത്തെ എല്ലാ യൂണിവേഴ്സിറ്റികളും ഡയറക്ടറേറ്റുകളുമായി  22  എൻ എസ് എസ് സെല്ലുകളിൽ 3400 എൻ എസ് എസ് പ്രോഗ്രാം ഓഫീസറൻമാരിൽ നിന്നും അത്രയും യൂണിറ്റുകളിൽ നിന്നു മികച്ച പ്രവർത്തനം നടത്തിയവരെ വിലയിരുത്തിയാണ് ഈ അവാർഡുകൾക്കായി തെരഞ്ഞെടുത്തത്.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു അധ്യക്ഷത വഹിച്ച പരിപാടിയിൽ മന്ത്രി വി. ശിവൻകുട്ടി, മേയർ ആര്യ രാജേന്ദ്രൻ, എം.പി എ.എ. റഹീം, എൻ.എസ്.എസ്. റീജണൽ ഡയറക്ടർ ജി. ശ്രീധർ, സംസ്ഥാന ഓഫീസർ ഡോ. അൻസർ, ഡി.ജി.ഇ. ജീവൻ  ബാബു, വി.എച്ച്.എസ്.ഇ. ഡെപ്യൂട്ടി ഡയറക്ടർ അനിൽകുമാർ, പ്രോഗ്രാം കോ-ഓർഡിനേറ്റർ രഞ്ജിത് പി. ബ്രഹ്മനായകം മഹാദേവൻ തുടങ്ങിയവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →