സാമ്പത്തിക വിഷയങ്ങളിലും മൂലധന വിപണിയിലുമുള്ള സാധ്യതകളെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ മനസിലാക്കി പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് രാജ്യമൊട്ടാകെ സംഘടിപ്പിക്കുന്ന ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് (ദീപം) സംഘടിപ്പിച്ച ‘മൂലധന വിപണിയിലൂടെ സമ്പത്ത് സൃഷ്ടിക്കാം’ എന്ന പേരില്‍ സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാര്‍ത്ഥി കാലഘട്ടങ്ങളില്‍ മൂലധന വിപണിയില്‍ ഉണ്ടാകുന്ന അറിവ് പിന്നീടുള്ള കാലങ്ങളില്‍ മികച്ച നേട്ടമുണ്ടാക്കും. എന്നാല്‍ മൂലധന വിപണിയിലെ സാധ്യതകളെ മുതലെടുക്കുന്ന അവസ്ഥ ഇല്ലാതിരിക്കേണ്ടത് സമൂഹത്തിന്റെ തന്നെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായാണ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്. മൂലധന വിപണിയിലൂടെ സമ്പത്ത് സൃഷ്ടിക്കാം എന്ന പേരില്‍ സംഘടിപ്പിച്ച സമ്മേളനം രാജ്യത്തെ 75 നഗരങ്ങളില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. പൊതു സ്ഥാപനങ്ങളിലുള്ള സര്‍ക്കാര്‍ നിക്ഷേപം പരമാവധി കുറയ്ക്കുകയും കൂടുതല്‍ കഴിവുള്ള ആളുകള്‍ക്ക് സ്ഥാപനങ്ങളുടെ നിയന്ത്രണം നല്‍കുകയും ചെയ്യുക വഴി ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതായി മന്ത്രി പറഞ്ഞു.
ദീപം ഡയറക്ടര്‍ ഡോ. റോസ് മേരി കെ അബ്രഹാം, സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ച് ചെയര്‍മാന്‍ ഡോ. ധനുരാജ്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ.വി.കെ വിജയകുമാര്‍, കുസാറ്റ് പ്രൊഫസര്‍ ഡോ. സന്തോഷ് കുമാര്‍, സെബി സെക്യൂരിറ്റീസ് മാര്‍ക്കറ്റ് ട്രെയ്‌നറും വടക്കാഞ്ചേരി ശ്രീ വ്യാസ എന്‍എസ്എസ് കോളജ് അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ.സി.സനേഷ്, വനിതാ നിക്ഷേപക ശ്യാമ കനകചന്ദ്രന്‍, ബിഎസ്ഇ ബിസിനസ് ഡവലപ്‌മെന്റ് മാനേജര്‍ ലിയോ പീറ്റര്‍, എന്‍എസ്ഇ ഡെപ്യൂട്ടി മാനേജറും കേരള മേധാവിയുമായ അനന്ദു ഷാജി, യൂണിയന്‍ ബാങ്ക് റീജിയണല്‍ ഹെഡ് സി.ജെ മഞ്ജുസ്വാമി തുടങ്ങിയവര്‍ സംസാരിച്ചു.