ന്യൂഡല്‍ഹി: സംയുക്ത സേനാ മേധാവി(സി.ഡി.എസ്.)യെ തെരഞ്ഞെടുക്കാനുള്ള മാനദണ്ഡങ്ങള്‍ വിപുലമാക്കി കേന്ദ്രസര്‍ക്കാര്‍. കര, വ്യോമ, നാവിക സേനാച്ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാണ് കേന്ദ്രസര്‍ക്കാര്‍ സി.ഡി.എസ്. തെരഞ്ഞെടുപ്പിനുള്ള സാധ്യതകള്‍ കൂടുതല്‍ വിശാലമാക്കിയത്.പുതുക്കിയ ചട്ടമനുസരിച്ച് മൂന്നു സേനാ തലവന്മാര്‍, 62 വയസ് പൂര്‍ത്തിയാകാത്ത വിരമിച്ച സേനാമേധാവി, ഇതേവയസിനു താഴെയുള്ള സര്‍വീസിലുള്ള ത്രീസ്റ്റാര്‍ ഓഫീസര്‍മാര്‍ എന്നിവര്‍ക്കു സംയുക്ത സേനാമേധാവി ആകാം. ഇതോടെ കര, വ്യോമ, നാവികസേന എന്നിവയില്‍ സര്‍വീസിലുള്ളതും വിരമിച്ചതുമായ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സി.ഡി.എസ്. പദവിയിലെത്താന്‍ സാധിക്കും. പൊതുതാല്‍പര്യാര്‍ഥം കേന്ദ്രസര്‍ക്കാരിന് ആവശ്യമെന്നു തോന്നുന്നപക്ഷം മൂന്നു സേനാ വിഭാഗത്തിലെ മേധാവിമാരെയോ, വിരമിച്ച മേധാവിമാരെയോ സര്‍ക്കാരിന് സി.ഡി.എസ്. ആയി നിയമിക്കാമെന്ന് ജൂണ്‍ ആറിനു പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനം പറയുന്നു. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്, സര്‍വീസിലുള്ള ലഫ്റ്റനന്റ് ജനറല്‍ അല്ലെങ്കില്‍ ജനറല്‍, അല്ലെങ്കില്‍ ലഫ്റ്റനന്റ് ജനറല്‍ അല്ലെങ്കില്‍ ജനറല്‍ റാങ്കില്‍നിന്ന് സര്‍വീസില്‍ നിന്ന് വിരമിച്ച നിയമനസമയത്ത് 62 വയസ് തികയാത്തവര്‍ക്കും സി.ഡി.എസ്. ആകാന്‍ പറ്റുമെന്ന് 1954-ലെ സേനാ നിയമത്തിലെ ഭേദഗതി വിജ്ഞാപനം പറയുന്നു. ഇത്തരത്തില്‍ നാവികസേന, വ്യോമസേനാ ചട്ടങ്ങളിലും ഭേദഗതി വരുത്തിയിട്ടുണ്ട്.സര്‍ക്കാര്‍ താല്‍പര്യപ്പെടുന്നപക്ഷം പരമാവധി 65 വയസുവരെ സി.ഡി.എസിന്റെ കാലാവധി നീട്ടിനല്‍കാമെന്നും വിജ്ഞാപനം പറയുന്നു. 2021 ഡിസംബര്‍ എട്ടിന് ഹെലികോപ്ടര്‍ അപകടത്തില്‍ ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തെത്തുടര്‍ന്ന് സംയുക്ത സേനാമേധാവി സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്.