കൊച്ചി: മുന്‍ അഡ്വക്കേറ്റ് ജനറലും കേരള ഹൈക്കോടതി ജഡ്ജിയുമായിരുന്ന ജസ്റ്റിസ് വി. ഭാസ്കരന് നമ്പ്യാര്‍ (94) അന്തരിച്ചു. എറണാകുളം എളമക്കരയിലെ വസതിയായ രാജീവ് നഗര്‍ കൃഷ്ണവര്‍ഷയില്‍ 2022 ജൂണ്‍ 6 തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം.
1983 മുതല്‍ 89 വരെയുളള കാലത്താണ് ഹൈക്കോടതി ജഡ്ജിയായി അദ്ദേഹം സേവനം അനുഷ്ടിച്ചത്. 1981 മുതല്‍ 83 വരെ ഹൈക്കോടതിയില്‍ അഡ്വക്കേറ്റ് ജനറലായി പ്രവര്‍ത്തിച്ചു. 82-83 കാലഘട്ടത്തില്‍ ബാര്‍കൗണ്‍സില്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട് വിരമിച്ചശേഷം സുപ്രീം കോടതിയില്‍ സീനിയര്‍ അഭിഭാഷകനായി തുടര്‍ന്നു. സുപ്രീം കോടതിയില്‍ കേരളത്തിന്റെ സീനിയര്‍ സറ്റാന്റിംഗ് കൗണ്‍സലായും കേരള ഉപലോകായുക്തയായും പ്രവര്‍ത്തിച്ചിരുന്നു.
1927 നവംബര്‍ 19ന് കണ്ണൂര്‍ താഴെ ചൊവ്വ വയക്കര പടന്നക്കോട്ട് വീട്ടിലാണ് ജനനം. ബിരുദപഠനത്തിനുശേഷം മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബി.എല്‍ എടുത്തു. 1953ല്‍ മദ്രാസ് ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. നാലുതവണ കേരള സര്‍വകലാശാലയുടെ സറ്റാന്റിംഗ് കൗണ്‍സലായും പ്രവര്‍ത്തിച്ചു. സിവില്‍ സര്‍വീസ് നിയമങ്ങളില്‍ ഏറെ വൈദഗ്ധ്യമുളള അഭിഭാഷകനായിരുന്നു അദ്ദേഹം.

