പരിസ്ഥിതി ലോലമേഖല: സുപ്രീം കോടതി വിധി കേരളത്തില്‍ ദൂരവ്യാപകഫലങ്ങള്‍ ഉണ്ടാക്കും

ഇടുക്കി : സംരക്ഷിത വനമേഖലക്കുചുറ്റും ഒരു കിലോ മീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതി ലോലമേഖലയായി നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന സുപ്രീം കോടതി വിധി കേരളത്തെ സംബന്ധിച്ചിടത്തോളം ദൂരവ്യാപകമായ ഫലങ്ങളുളവാക്കുന്നതാണ്‌ . ഇന്ത്യയിലെ സസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുളള സംസ്ഥാനമാണ്‌ കേരളം. വനാതിര്‍ത്തികളോട്‌ ചേര്‍ന്ന്‌ ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയാല്‍ ലക്ഷക്കണക്കിന്‌ ജനങ്ങള്‍ തങ്ങളുടെ സര്‍വ സമ്പാദ്യങ്ങളും ഉപേക്ഷിച്ചു പോകേണ്ട സ്ഥിതിവരും. മൂന്നര കോടിയിലധികം ജനസംഖ്യയുളള കേരളത്തില്‍ ഇവരെ പുരധിവസിപ്പിക്കാനുളള യാതൊരു സംവിധനങ്ങളും ഉണ്ടാവില്ല.

നിലവില്‍ കേരളത്തിന്റെ 30 ശതമാനം വനമായി സംരക്ഷിക്കപ്പെട്ടിട്ടുളളതാണ്‌. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ താരതമ്യേന വനത്തിന്റെ അളവ്‌ കേരളത്തില്‍ കൂടുതലാണ്‌. ഇതര സംസ്ഥാനങ്ങളിലേതുപോലെ ജനങ്ങള്‍ കൂട്ടമായി താമസിക്കുന്ന രീതിയല്ല കേരളത്തിലുളളത്‌ അവരവരുടെ സ്ഥലത്ത്‌ സ്വന്തമായി വീടുവച്ചു താമസിക്കുകയാണ് ചെയ്യുന്നത്‌. അതിനാല്‍ മറ്റു സംസ്ഥാനങ്ങളില്‍ 10 കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ സ്ഥാപിച്ചാല്‍ അത്‌ ജനജീവിതത്തെ ബാധിക്കില്ല. ആ സ്ഥിതിയല്ല കേരളത്തിലുളളത്‌.

കേരളത്തിലെ തേക്കടി മൂന്നാര്‍,ഇടുക്കി പോലുളള പല വന്യജീവി സങ്കേതങ്ങളും കുമളി, കട്ടപ്പന, ചെറുതോണി ,മൂന്നാര്‍ പോലുളള പട്ടണങ്ങളോട്‌ ചേര്‍ന്നാണ്‌ സ്ഥിതി ചെയ്യുന്നത്‌. ഇവിടങ്ങളെല്ലാം അന്താ രാഷ്ട്ര പ്രാധാന്യമുളള ടൂറിസ്റ്റ്‌ കേന്ദ്രങ്ങളാണ്‌. അവിടത്തെ ജനങ്ങളുടെ സഹകരണത്തോടെയാണ്‌ ടൂറിസം നില നില്‍ക്കുന്നത് തന്നെ. ഇത്‌ ഇല്ലാതായാല്‍ കേരളത്തിന്റെ ടൂറിസം മേഖലതന്നെ സ്‌തംഭിക്കും. ഇടുക്കി ജില്ലയില്‍ മാത്രം തേക്കടി പെരിയാര്‍ ടൈഗര്‍ റിസര്‍വ്‌, ഇടുക്കി വന്യജീവി സങ്കേതം ,ചിന്നാര്‍ വൈല്‍ഡ്‌ ലൈഫ്‌ തുടങ്ങി നിരവധി വന്യജീവി സങ്കേതങ്ങളാണ്‌ ഉളളത്‌. ഇവിടങ്ങളിലെല്ലാം ഒരു കിലോമീറ്റര്‍ ചുററളില്‍ ജനങ്ങളെ ഒഴിപ്പിക്കേണ്ടി വന്നാല്‍ സംസ്ഥാന സര്‍ക്കാരിനുപോലും അത്‌ താങ്ങാന്‍ കഴിയുന്നതായിരിക്കില്ല.

ഇത്തരം പരിസ്ഥിതി ലോല മേഖലകളില്‍ സ്ഥിരം കെട്ടിടങ്ങളോ ഖനനമോ പാടില്ലെന്ന്‌ വിധിയില്‍ പറയുന്നു. പക്ഷെ നിലവില്‍ വനാതിര്‍ത്തികളോട്‌ ചേര്‍ന്ന്‌ നിരവധി സ്‌കൂളുകള്‍ ,ആരാധനാലയങ്ങള്‍ ഇതര സ്ഥാപനങ്ങള്‍എന്നിവ സ്ഥിതി ചെയ്യുന്നുണ്ട്‌. ഇവിടങ്ങളില്‍ നിരവധി വര്‍ഷങ്ങളായി കാര്‍ഷിക വൃത്തി തങ്ങളുടെ ജീവനോപധിയായി സ്വീകിരിച്ചിരിക്കുന്ന ലക്ഷക്കണക്കിനാളുകളാണ്‌ ഉളളത്‌. ഏലം.കുരുമുളക്‌ തുടങ്ങിയുളള സുഗന്ധവിളകള്‍ ഏറെയും ഉത്‌പ്പാദിതമാകുന്നത്‌ ഈ വന മേഖലകളോട്‌ ചേര്‍ന്നുളള പ്രദേശങ്ങളിലാണ്‌ .ഇത്തരത്തില്‍ ഒരു ദുരന്തം കൂടി താങ്ങാന്‍ കേരളത്തിന്‌ സാധിക്കില്ല. ആയതിനാല്‍ ഇത്തരത്തില്‍ വനാതിര്‍ത്തിക്കുചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ എന്നത്‌ കേരളത്തിന്‌ താങ്ങാനാവില്ലത്തതാണെന്നും കേരളത്തെ ഈ വിധിയില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട്‌ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയാണ്‌ വേണ്ടത്‌.

Share

About കെ പി ഫിലിപ്

View all posts by കെ പി ഫിലിപ് →