ദില്ലി: സംരക്ഷിത വനമേഖലകളുടെ അതിർത്തിയിൽ നിന്നും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖല നിർബന്ധമായും വേണമെന്ന് സുപ്രീംകോടതി. വനസംരക്ഷണവുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ മുന്നിലുള്ള ടി.എൻ ഗോദവർമൻ തിരുമുൽപാടിന്റെ ഹർജിയിലാണ് നിർദേശം .
ഈ മേഖലയിൽ ഒരു തരത്തിലുള്ള വികസന-നിർമാണ പ്രവർത്തനങ്ങൾക്കും അനുമതിയില്ല. നിലവിൽ ഈ മേഖലയിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ അതാതു സംസ്ഥാനങ്ങളിലെ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ അനുമതിയോടു കൂടി മാത്രമേ തുടരാൻ കഴിയുവെന്നും സുപ്രിം കോടതി ഉത്തരവിൽ പറയുന്നു.
സംരക്ഷിത വനമേഖലയുടെ അനുബന്ധ പരിസ്ഥിതലോല പ്രദേശങ്ങളിൽ നിലവിലുള്ള നിർമിതികളെക്കുറിച്ച് മൂന്നു മാസത്തിനകം സംസ്ഥാനങ്ങളിലെ ചീഫ് വൈൽഡ് ലൈഫ് കൺസർവേറ്റർമാർ റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശം നൽകി. നിലവിൽ ഇത്തരം പ്രദേശങ്ങളിൽ ഒരു കിലോമീറ്ററിൽ അധികം ബഫർ സോൺ ഉണ്ടെങ്കിൽ അതേപടി തന്നെ തുടരണമെന്നും കോടതി വ്യക്തമാക്കി.

