തൃശ്ശൂർ: രാമവർമപുരം പൊലീസ് അക്കാദമിയിൽ കൊവിഡ് കൂട്ട വ്യാപനം. അക്കാദമിയിൽ വനിതാ ബറ്റാലിയൻറെയും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെയും പരിശീലനമാണ് നടക്കുന്നത്. ഇവരിലെ 30 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
കൊവിഡ് വ്യാപനത്തെ തുടർന്ന് അക്കാദമിയെ ക്ളസ്റ്ററായി പ്രഖ്യാപിച്ചു. കൊവിഡ് സാഹചര്യത്തിൽ അക്കാദമിയിൽ നടക്കുന്ന പരിശീലന പരിപാടികൾ ഒരാഴ്ചത്തേക്ക് നിറുത്തിവെച്ചതായി അക്കാദമി അധികൃതർ അറിയിച്ചു.
സംസ്ഥാനത്ത് 02/06/22 വ്യാഴാഴ്ച ആയിരത്തിലേറെ പേർക്ക് കൊവിഡ് ബാധിച്ചു. തുടർച്ചയായി മൂന്നാം ദിവസവും കൊവിഡ് രോഗികൾ ആയിരം കടന്നു. . 1,278 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. എറണാകുളത്താണ് ഏറ്റവുമധികം രോഗികൾ ഉള്ളത്. 407 കേസുകൾ. 24 മണിക്കൂറിനിടെ ഒരു കൊവിഡ് മരണവും സ്ഥിരീകരിച്ചു.
2022 ജൂൺ 1 ന് 1370 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇന്നലെയും ഏറ്റവും കൂടുതൽ രോഗബാധിതർ എറണാകുളം ജില്ലയിലായിരുന്നു, 463 പേർ. തിരുവനന്തപുരം ജില്ലയിൽ 239 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം തിങ്കളാഴ്ചയാണ് സർക്കാർ വീണ്ടും കൊവിഡ് കണക്കുകൾ പുറത്തുവിട്ടത്. മെയ് 31ന് 1,161 പേർക്കായിരുന്നു സംസ്ഥാനത്ത് രോഗബാധ. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ, 7 പേർ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചു

