പത്തനംതിട്ട: പഴകുളം പടിഞ്ഞാറ് യൂനൂസ് മന്‍സിലില്‍ യൂസഫിന്റെ ഭാര്യ റംലാ ബീവിയെ (42) കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ്. പത്തനംതിട്ട കുമ്പഴ കുലശേഖരപ്പേട്ട മൗതണ്ണന്‍പുരയിടത്തില്‍ മുഹമ്മദ് ഷിഹാബിനെയാണ് പത്തനംതിട്ട അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്‌ജി പി.പി.പൂജ ശിക്ഷിച്ചത്. ഐപിസി 302 പ്രകാരം ജീവപര്യന്തം തടവും 25,000രൂപ പിഴയും, ഐപിസ് 397,454, പ്രകാരം ഏഴുവര്‍ഷം വീതം തടവും 10,000രുപ പിഴയും ആണ് ശിക്ഷ. തടവ് ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന് ഉത്തരവില്‍ വ്യക്തമാക്കി.
2013 മാര്‍ച്ച് 11 നായിരുന്നു കേസിനാസ്‌പദമായ സംഭവം. റംലാബീവിയുമായും ഭര്‍ത്താവുമായും പരിചയമുണ്ടായിരുന്ന പ്രതി പഴകുളത്തെ വീട്ടിലെത്തി സ്വര്‍ണാഭരണങ്ങള്‍ ആവശ്യപ്പെടുകയും വിസമ്മതിച്ചപ്പോള്‍ കഴുത്തില്‍ കത്തികൊണ്ട് വെട്ടി കൊലപ്പെടുത്തി ആഭരണങ്ങള്‍ കവരുകയുമായിരുന്നുവെന്നാണ് പ്രോസിക്‌ൂഷന്‍ കേസ.് ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യ, ശാസ്‌ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.
കവര്‍ന്ന ആഭരണങ്ങള്‍ കുമ്പഴയിലെ പണമിടപാട് സ്ഥാപനങ്ങളില്‍പണയം വച്ച് അവശേഷിക്കുന്നവ പ്രതി ഉപോഗിച്ച പെട്ടി ഓട്ടോയില്‍ സൂക്ഷിക്കുകയും ചെയ്‌തു.അടൂര്‍ സിഐ ആയിരുന്ന ടി മനോജ്‌് ആണ് അന്വേഷണം നടത്തിയത്. പണയം വച്ച ആഭരണങ്ങളും പെട്ടിഓട്ടോയില്‍ ഒളിപ്പിച്ച സ്വര്‍ണാഭരണങ്ങളും പ്രതിയുടെ ഭാര്യവീട്ടില്‍ ഒളിപ്പിച്ച ആയുധവും കണ്ടെത്തിയിരുന്നു.
പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്‌തരിച്ചു. പ്രോസിക്യൂഷനുവേണ്ടി സര്‍ക്കാര്‍ പ്രത്യേകം നിയോഗിച്ച സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. എസ് .അജിത് പ്രഭാവ് ,അഭിഭാഷകരായ ജിത്തു എസ് നായര്‍, യദുകൃഷ്‌ണന്‍ ,കെവിന്‍ ജയിംസ്, എം.എസ് മാളവിക ,കെ.ബി. അഭിജിത് എന്നിവര്‍ ഹാജരായി

