തിരുവനന്തപുരം : അസ്വാഭാവിക മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌താല്‍ ഇനിമുതല്‍ രാത്രികാലങ്ങളിലും ഇന്‍ക്വസ്‌റ്റ് നടത്താം. ഇതിന് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിനുളള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന പോലീസ് മേധാവി പുറപ്പെടുവിച്ചു. ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
രാത്രികാലത്ത് ഫലപ്രദമായി ഇന്‍ക്വസ്റ്റ് നടത്താന്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ നടപടി സ്വീകരിക്കും. അസ്വാഭാവിക മരണങ്ങളില്‍ നാലുമണിക്കൂറിനകം തന്നെ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതശരീരം പോസ്‌റ്റ് മോര്‍ട്ടത്തിനായി നീക്കം ചെയ്യണം. എന്നാല്‍ പ്രത്യേക സാഹചര്യങ്ങളില്‍ ഏറെസമയമെടുത്ത് ഇന്‍ക്വസ്റ്റ് ആവശ്യമായി വരന്നപക്ഷം അക്കാര്യം കൃത്യമായി രേഖപ്പെടുത്തണം. ഇന്‍ക്വസ്റ്റ് നടത്തുന്നതിലും മൃതശരീരം പോസ്‌റ്റ്‌മോര്‍ട്ടത്തിന് അയക്കുന്നതിലും ഒരു കാരണവശാലും കാലതാമസമോ തടസമോ ഉണ്ടാകാന്‍ പാടില്ല.
ഇന്‍ക്വസ്റ്റ് നടത്തുന്നതിനാവശ്യമായ വെളിച്ചം മൃതശരീരം ആശുപത്രിയിലെത്തിക്കുന്നതിനുളള സംവിധാനം, മറ്റുചെലവുകള്‍ എന്നിവയ്‌ക്കായി ജില്ലാ പോലീസ് മേധാവിമാര്‍ നടപടി സ്വീകരിക്കും. ഇക്കാര്യം കൃത്യമായി നടപ്പിലാക്കുന്നതിന് ജില്ലാ പോലീസ് മേധാവിമാര്‍ നിരീക്ഷിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

