തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ 2022 ജൂൺ 1 ന് (ബുധനാഴ്ച) പ്രവേശനോത്സവം. രണ്ടുവർഷം നീണ്ട കോവിഡ് ഇടവേളക്കുശേഷം സംസ്ഥാനത്തെ സ്കൂളുകൾ സജീവ അധ്യയനത്തിലേക്ക് കടക്കുകയാണ്. 8 ലക്ഷം വിദ്യാർത്ഥികളും, 1.8 ലക്ഷം അധ്യാപകരും, കാൽലക്ഷത്തോളം അധ്യാപകരുമാണ് സ്കൂളിൽ എത്തുക. അധ്യാപകരും കുട്ടികളും സ്കൂളിൽ നിർബന്ധമായി മാസ്ക് ധരിക്കണമെന്നും, സാനിറ്റൈസർ ഉപയോഗിക്കണമെന്നും, വിദ്യാർത്ഥികൾ ഭക്ഷണം പങ്കു വെക്കരുത് എന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം കഴക്കൂട്ടം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ 1/06/22 (ബുധനാഴ്ച) രാവിലെ 9. 30ന് മുഖ്യമന്ത്രി നിർവഹിച്ചു. സംസ്ഥാന ജില്ലാ-ഉപജില്ലാ സ്കൂൾ തലങ്ങളിൽ പ്രവേശനോത്സവം നടക്കും. രണ്ടുവർഷമായി നടക്കാതിരുന്ന കായിക- കലാ ശാസ്ത്രമേളകൾ ഇക്കൊല്ലം നടക്കും.
നാല് ലക്ഷത്തോളം കുട്ടികളാണ് ഒന്നാം ക്ലാസിലേക്ക് എത്തുന്നത്. ഒന്നാം ക്ലാസുകാരെ സ്വീകരിക്കാൻ വിവിധ സ്കൂളുകൾ വ്യത്യസ്തമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സ്കൂൾ ക്ലാസ് മുറികൾ ചിത്രം വരച്ചും, തോരണങ്ങൾ അണിയിച്ചും ഏറ്റവും മനോഹരമാക്കി. കുട്ടികൾക്ക് സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. ആദ്യ മൂന്നാഴ്ചയോളം പാഠഭാഗങ്ങളുടെ റിവിഷൻ ആയിരിക്കും. ഡിജിറ്റൽ പഠനം സമാന്തരമായി മുന്നോട്ടു കൊണ്ടുപോകും എന്നും മന്ത്രി പറഞ്ഞു.
സ്കൂളുകൾ തുറക്കാനിരിക്കെ കുട്ടികൾക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചിട്ടുണ്ട്. വിദ്യാർഥികൾക്ക് സുരക്ഷിതവും, സൗഹാർദ്ദപരവുമായ പഠനാന്തരീക്ഷം ഉറപ്പാക്കുന്ന വിധത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ പോലീസ് മേധാവിമാര്ക്ക് അദ്ദേഹം മാർഗ്ഗനിർദ്ദേശം നൽകി. സ്കൂൾ ബസ്സിലും മറ്റ് സ്വകാര്യ വാഹനങ്ങളിലും എത്തുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും നിർദേശമുണ്ട്. വാഹനങ്ങളുടെ ഫിറ്റ്നസ് സുരക്ഷാക്രമീകരണങ്ങൾ എന്നിവ ഉറപ്പാക്കും. സ്കൂൾ കുട്ടികളെ കൊണ്ടു പോകുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ലെന്നും, മറ്റ് സ്വഭാവദൂഷ്യങ്ങൾ ഇല്ലെന്നും സ്കൂൾ അധികൃതർ ഉറപ്പാക്കണമെന്ന് നിർദേശമുണ്ട്. സ്കൂൾ അധികൃതരുടെ സഹകരണത്തോടെ സ്കൂൾ വാഹനങ്ങളുടെ ഡ്രൈവർമാർക്കും, മറ്റു ജീവനക്കാർക്കും ബോധവൽക്കരണ ക്ലാസ്സും നൽകും .
സ്കൂൾ തുറക്കുന്നതിനോട് അനുബന്ധിച്ച് ആരോഗ്യവകുപ്പ് മാർഗനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട് . രോഗലക്ഷണങ്ങൾ ഉള്ളവർ ആരും തന്നെ സ്കൂളിൽ പോകരുത്. കുട്ടികളുടെ ആരോഗ്യസ്ഥിതി അധ്യാപകരും രക്ഷിതാക്കളും ദിവസവും ശ്രദ്ധിക്കണം. ഇതു വരെയുള്ള കണക്കുപ്രകാരം 15 നും 17 നും ഇടയിലുള്ള 54.12% ശതമാനം കുട്ടികൾക്കും , 12 നും 14 നുo ഇടയിലുള്ള 14.43% കുട്ടികൾക്കും രണ്ടു ഡോസ് വാക്സിൻ നൽകിയിട്ടുണ്ട്.

