തിരുവനന്തപുരം: എയ്ഡഡ് സ്കൂൾ നിമയനങ്ങൾ പിഎസ്‍സിക്ക് വിടണമെന്ന ആവശ്യത്തെ എതിർത്ത് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. എയ്ഡഡ് സ്കൂൾ നിയമനങ്ങൾ പിഎസ്‍സിക്ക് വിട്ടാൽ തങ്ങൾക്ക് നേട്ടം ഉണ്ടാക്കാമെന്ന് ഒരു വിഭാഗം കരുതുകയാണെന്ന് സുകുമാരൻ നായർ കുറ്റപ്പെടുത്തി.
എസ്എൻഡിപ്പിക്കെതിരെ പരോക്ഷ വിമർശനമാണ് സുകുമാരൻ നായർ നടത്തിയത്. നിയമനം പിഎസ്‍സിക്ക് വിട്ടാൽ സംവരണം നടപ്പാക്കേണ്ടിവരും. അങ്ങനെ സംവരണ സമുദായങ്ങളിലെ പ്രബലവിഭാഗങ്ങൾക്ക് തന്നെ ആനുകൂല്യം ലഭിക്കും. ഇതിന് ആക്കം കൂട്ടുന്നതിന് വേണ്ടിയാണ് തങ്ങളുടെ സ്ഥാപനങ്ങളിലെ നിയമനങ്ങളെല്ലാം പിഎസ്‍സിക്ക് വിട്ടുനൽകാൻ തയ്യാറാണെന്നെന്ന വാഗ്ദാനം ഒരു വിഭാഗം മുന്നോട്ട് വെച്ചതെന്നാണ് സുകുമാരൻ നായരുടെ പ്രസ്താവന.
അതേസമയം എയ്ഡഡ് നിയമനങ്ങൾ പിഎസ്.സി ക്ക് വിടാൻ ഉദ്ദേശിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. എല്ലാ വശങ്ങളും പരിശോധിച്ച് മാത്രം തീരുമാനമെടുക്കും. ഇപ്പോൾ സിപിഎമ്മോ, മുന്നണിയോ ഇക്കാര്യം ആലോചിച്ചിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയിരുന്നു. എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങൾ പിഎസ്‍സിക്ക് വിടണമെന്നുംസാമൂഹ്യ നീതി ഉറപ്പാക്കാൻ നിയമനം സർക്കാർ ഏറ്റെടുത്തേ മതിയാകൂ എന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലനാണ് ആവശ്യപ്പെട്ടത്.
പ്രബല സമുദായങ്ങളുടെ സ്ഥാപനങ്ങളിലൊന്നും പണമില്ലാത്തവർക്ക് നിയമനം കിട്ടുന്നില്ല. മാനേജ്മെൻറുകൾ കോഴയായി വാങ്ങുന്ന കോടികൾ എങ്ങോട്ട് പോകുന്നുവെന്നറിയില്ല. നിയമനം പിഎസ്‍സിക്ക് വിടുന്നതിനോട് എസ്എൻഡിപിയും, എംഇഎസും യോജിപ്പറിയിച്ചിട്ടുണ്ട്. മറ്റു സമുദായ സംഘടനകളും ഈ നിർദ്ദേശത്തെ എതിർക്കില്ലെന്നാണ് പ്രതീക്ഷയെന്നും എ.കെ ബാലൻ വ്യക്തമാക്കിയിരുന്നു. ഇത് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു.