സിദ്ദു മൂസേവാലയുടെ കൊല: ഗായകന്‍ ഗോള്‍ഡി ബ്രാറും അധോലോക കുറ്റവാളി ലോറന്‍സ് ബിഷ്ണോയിയും ഉത്തരവാദിത്തം ഏറ്റെടുത്തു

അമൃത്സര്‍: പഞ്ചാബി ഗായകന്‍ സിദ്ദു മൂസേവാല വെടിയേറ്റ് മരിച്ച സംഭവത്തിനു പിന്നില്‍ ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയെന്നു പോലീസ്. കാനഡ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഗായകന്‍ ഗോള്‍ഡി ബ്രാറും അധോലോക കുറ്റവാളി ലോറന്‍സ് ബിഷ്ണോയിയും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുവെന്നും പോലീസ് അറിയിച്ചു. അതിനിടെ, കുറ്റക്കാരെ വെറുതേവിടില്ലെന്നും ജനങ്ങള്‍ ശാന്തത പാലിക്കണമെന്നും മുഖ്യന്ത്രി ഭഗവന്ത് സിങ് മാന്‍ അറിയിച്ചു.

”സിദ്ദുവിന്റെ ദാരുണമായ കൊലപാതകം ഞെട്ടിക്കുന്നതാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ആരാധകരുടെയും ദുഖത്തില്‍ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സംഭവത്തില്‍ ആം ആദ്മി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്തെത്തി. പഞ്ചാബില്‍ ആരും സുരക്ഷിതരല്ലെന്നും സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നെന്നും മുന്‍മുഖ്യമന്ത്രി അമരീന്ദര്‍ സിങ് കുറ്റപ്പെടുത്തി. പഞ്ചാബില്‍ കുറ്റവാളികള്‍ക്ക് നിയമത്തെ പേടിയില്ലാതായതായും അമരീന്ദര്‍ ട്വീറ്റ് ചെയ്തു. സിദ്ദു മൂസേവാലയുടെ കൊലപാതകം ഞെട്ടലുളവാക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

മൂസേവാലയടക്കമുള്ളവരുടെ സുരക്ഷ പിന്‍വലിച്ച വിഷയത്തില്‍ പഞ്ചാബ് സര്‍ക്കാര്‍ സംശയനിഴലിലാണെന്ന് കോണ്‍ഗ്രസ് വക്താവ് ചരണ്‍ സിങ് സപ്ര പ്രതികരിച്ചു. ഇതാണോ ആദം ആദ്മി സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയ പഞ്ചാബെന്നു ബി.ജെ.പി. വക്താവ് ചോദിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →