കണ്ണൂർ: നാവിക സേനയിൽ അടുത്ത വർഷം മുതൽ വനിതാ സെയിലർമാരെ നിയമിക്കുമെന്ന് നാവിക സേനാ മേധാവി അഡ്മിറൽ ആർ ഹരികുമാർ ഏഴിമല നാവിക അക്കാദമിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നാവിക സേനയുടെ എല്ലാ ബ്രാഞ്ചുകളിലും വനിതാ ഓഫീസർമാരെയും നിയമിക്കും. നിലവിൽ ഏതാനും ബ്രാഞ്ചുകളിൽ മാത്രമാണ് വനിതാ ഓഫീസർമാരുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ നാവിക സേന എന്നും വനിതകൾക്ക് ബാലികേറാമലയായിരുന്നു. ദുർഘടമായ കടൽ സാഹചര്യങ്ങൾ തരണം ചെയ്യാൻ പുരുഷൻമാർക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്ന ഒരു പരമ്പരാഗ ധാരണയായിരുന്നു ഇതിനു പിന്നിൽ , ആ മുൻധാരണയാണ് ഇന്ത്യൻ നാവിക സേന തിരിത്താനൊരുങ്ങുന്നത്.
സായുധ സേനാ വിഭാഗങ്ങളിൽ യുവാക്കൾക്ക് മൂന്നോ നാലോ വർഷത്തേക്ക് സേവനത്തിനുള്ള അവസരം ലഭ്യമാക്കാനുള്ള പദ്ധതി കേന്ദ്രസർക്കാറിന്റെ പരിഗണനയിലാണ്. ഇതിലൂടെ യുവാക്കൾക്ക് ഹ്രസ്വകാലത്തേക്ക് സേനയിൽ സേവനം അനുഷ്ഠിക്കാനുള്ള അവസരമാണ് കൈവരിക. ഏഴിമല നാവിക അക്കാദമിയിലെ നിലവിലെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ സേനയ്ക്ക് നിലവിൽ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണ നേവൽ കമാൻഡ് കമാൻഡിംഗ് ഇൻ ചീഫ് വൈസ് അഡ്മിറൽ എംഎ ഹംപിഹോളിയും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

