ഹൈക്കോടതി ജാമ്യം റദ്ദാക്കിയിരുന്ന വിദ്യാർത്ഥി നേതാവ് എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു

കൊച്ചി: ഒളിവിലാണെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ച വിദ്യാർത്ഥി നേതാവ് എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.എറണാകുളം ജില്ലാ ഭാരവാഹിയായിരുന്ന പിഎം ആർഷോയെ പെരിന്തൽമണ്ണയിൽ നടന്ന എസ്എഫ്ഐ സംസ്ഥാന സമ്മേളനാണ് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ഉപാധികളോടെ പുറത്തിറങ്ങിയ ശേഷം വിവിധ കുറ്റകൃത്യങ്ങളിൽ പ്രതിയായതോടെ ആർഷോയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു. എഐഎസ്എഫ് വനിതാ നേതാവിനെ ജാതി പേര് വിളിച്ച് ആക്രമിച്ച കേസിലും ആർഷോ പ്രതിയാണ്.

സമര കേസുകളിലും നിരവധി സംഘർഷങ്ങളിലും പ്രതിയായ പിഎം ആർഷോ കൊച്ചി പൊലീസ് ഹൈക്കോടതിയെ അറിയിച്ച പ്രകാരം പിടികിട്ടാപ്പുള്ളിയാണ്. 2022 ഫെബ്രുവരി 28നാണ് ഹൈക്കോടതി അർഷോയുടെ ജാമ്യം റദ്ദാക്കുന്നത്. 2018ൽ ഈരാറ്റുപേട്ട സ്വദേശി നിസാമിനെ മർദ്ദിച്ച കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയിട്ടും നിരവധി കേസുകളിൽ തുടർന്നും അർഷോ പ്രതിയായി.ഇതോടെ ജാമ്യ ഉപാധികൾ ലംഘിച്ചെന്ന് കാട്ടിയാണ് ജസ്റ്റിസ് സുനിൽ തോമസ് അദ്ധ്യക്ഷനായ ബഞ്ച് പിഎം അർഷോയുടെ ജാമ്യം റദ്ദാക്കിയത്. എന്നാൽ പൊലീസ് ഒളിവിലാണെന്ന് ഹൈക്കോടതിയെ അറിയിച്ച വിദ്യാർത്ഥി നേതാവ് പെരിന്തൽമണ്ണയിൽ എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിൽ ഉടനീളം പങ്കെടുത്തു.സമ്മേളനം അവസാനിച്ചപ്പോൾ സംസ്ഥാന സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു

എഐഎസ്എഫ് വനിതാ നേതാവായ നിമിഷയെ എംജി സർവകലാശാല തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ച സംഭവത്തിലും അർഷോ പ്രതിയാണ്. ജാതിപേര് വിളിച്ച് ആക്ഷേപിച്ചു എന്ന പരാതിയാണ് അർഷോക്കെതിരെ അന്ന് ഉയർന്നത്. അപ്പോഴും എസ്എഫ്ഐ ആർഷോക്ക് പിന്തുണ നൽകിയിരുന്നു. എറണാകുളം ലോ കൊളെജിൽ റാഗിംഗ് പരാതിയിലും ആർഷോ പ്രതിയാണ്. ഹൈക്കോടതി ജാമ്യം റദ്ദാക്കിയതിന് പിന്നാലെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണെന്ന് ആർഷോ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. 25വയസ് പ്രായപരിധി കർശനമാക്കിയതോടെ എസ്എഫ്ഐ നേതൃത്വത്തിൽ നിന്നും വലിയ നിരയാണ് ഇത്തവണ ഒഴിവായത്. തുടർന്നാണ് സെക്രട്ടറി സ്ഥാനത്തെക്ക് ആർഷോ പരിഗണിക്കപ്പെട്ടത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →