ഞങ്ങളും കൃഷിയിലേക്ക്: ഏനാദിമംഗലം പഞ്ചായത്ത്തല ഉദ്ഘാടനം ‘ഒരു വീട്ടില്‍ ഒരു സെന്റ് കൃഷി ലക്ഷ്യം’

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ നടപ്പാക്കുന്ന വിവിധങ്ങളായ പ്രവര്‍ത്തനങ്ങളായ തൈവണ്ടി ഫ്ലാഗ് ഓഫ്, എന്റെ കൃഷിത്തോട്ടം തൈനടീല്‍, പഞ്ചായത്ത്തല ഉദ്ഘാടനം മെയ് 27ന് രാവിലെ 9.30ന് ഇളമണ്ണൂര്‍ വഞ്ചേരിവിളയില്‍ കൃഷി സ്ഥലത്ത് പ്രശസ്ത ചലച്ചിത്ര താരം അശോകന്‍ നിര്‍വഹിക്കും. മുഴുവന്‍ കേരളീയരിലും കാര്‍ഷിക സംസ്‌കാരം ഉണര്‍ത്തുക, അതുവഴി സ്ഥായിയായ കാര്‍ഷിക മേഖല സൃഷ്ടിച്ചെടുക്കുക, സുരക്ഷിത ഭക്ഷണം ഒരുക്കുക, പരിസ്ഥിതിയെ സംരക്ഷിക്കുക, മണ്ണിനെ സംപുഷ്ടമാക്കുക എന്നീ പദ്ധതി ലക്ഷ്യം വച്ച് ‘ഒരു വീട്ടില്‍ ഒരു സെന്റ് കൃഷി’ എന്ന ഏനാദിമംഗലം പഞ്ചായത്തിന്റെ സ്വപ്ന സാക്ഷാത്ക്കാരത്തിനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.

മെയ് 27 മുതല്‍ 31 വരെ 15 വാര്‍ഡുകളിലായി 100ല്‍ അധികം സ്ഥലങ്ങളിലൂടെ തൈവണ്ടി 3000 ഭവനങ്ങളില്‍ അഞ്ചിനം പച്ചക്കറി തൈകള്‍ നല്‍കും. സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹൈബ്രിഡ് പച്ചക്കറി 50000 എണ്ണം ഏനാദിമംഗലം മഹാത്മ കര്‍മ്മസേന ഉല്‍പ്പാദിപ്പിച്ച് വിതരണത്തിന് തയ്യാറാക്കിയിട്ടുണ്ട്.

തന്റെ കുടുംബവീടിനോട് ചേര്‍ന്നുള്ള 10 സെന്റ് സ്ഥലത്ത് വിവിധ ഇനം പച്ചക്കറി തൈകള്‍ നട്ട് ഞാനും കൃഷിയിലേക്ക് എന്ന പദ്ധതിയിലേക്ക് ചലച്ചിത്ര താരം അശോകനും ഭാഗമാകുന്നു. പദ്ധതി വിജയത്തിനായി പഞ്ചായത്തിന്റെ 15 വാര്‍ഡുകളിലും വാര്‍ഡു സമിതിയും പഞ്ചായത്ത്തല സമിതിയും രൂപീകരിച്ച് കാര്‍ഷിക പ്രവര്‍ത്തനം നടത്തിവരുന്നു. കൂടാതെ, സമിതി പ്രവര്‍ത്തകര്‍, വാര്‍ഡ് അംഗങ്ങള്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, പച്ചക്കറി ക്ലസ്റ്റര്‍ അംഗങ്ങള്‍, കാര്‍ഷിക കര്‍മ്മസേന അംഗങ്ങള്‍ എന്നിവര്‍ കൃഷിഭവനൊപ്പം പ്രവര്‍ത്തിക്കുന്നു.

Share
അഭിപ്രായം എഴുതാം