രാഷ്ട്രപതിയുടെ സന്ദർശനം: വാഹന പാർക്കിങ്ങിനു ക്രമീകരണം ഏർപ്പെടുത്തി

കേരള നിയമസഭ ‘ആസാദി കാ അമൃത് മഹോത്സവ്’ -ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘പവർ ഓഫ് ഡെമോക്രസി – നാഷണൽ വിമൻ ലെജിസ്ലേറ്റേഴ്‌സ് കോൺഫറൻസ് കേരള-2022’ -ന്റെ ഉദ്ഘാടനം 26ന് രാവിലെ 11.30ന് നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും. ചടങ്ങ് വീക്ഷിക്കാനെത്തുന്നവരുടെ വാഹന പാർക്കിങിന് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ടെന്നു നിയമസഭാ സെക്രട്ടറി അറിയിച്ചു. പ്രത്യേക ക്ഷണിതാക്കളുടെയും വി.ഐ.പിമാരുടെയും വാഹനങ്ങൾ വ്യക്തികളെ ഇറക്കിയശേഷം അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് മുതൽ നിയമസഭാ മ്യൂസിയം വരെയുള്ള സ്ഥലത്ത് പാർക്ക് ചെയ്യണം. മീഡിയാ വാഹനങ്ങൾ സ്റ്റേഡിയം ഗേറ്റ് വഴി പ്രവേശിച്ച് ഫയർ സ്റ്റേഷൻ മുതൽ താഴെ ബയോപാർക്ക് വരെ പാർക്ക് ചെയ്യണം. യോഗത്തിൽ പങ്കെടുക്കാൻ എത്തുന്ന മറ്റുള്ളവരുടെ വാഹനങ്ങൾ സ്പീക്കർ ഗേറ്റു വഴി അകത്തു പ്രവേശിച്ച് ലൈബ്രറി ഗേറ്റിനു സമീപം ആളെ ഇറക്കിയശേഷം തിരികെ ബ്രിഗേഡ് ഗേറ്റുവഴി പുറത്തിറങ്ങി വാച്ച് ആൻഡ് വാർഡ് നിർദേശിക്കുന്നിടത്ത് പാർക്ക് ചെയ്യണം. ചടങ്ങ് വീക്ഷിക്കാൻ എത്തുന്ന പ്രത്യേക ക്ഷണിതാക്കൾ രാവിലെ 10.30ന് മുമ്പായി ഇരിപ്പിടങ്ങളിൽ ഇരിക്കണം. ബാഗ്, കുട, മൊബൈൽ ഫോൺ, ക്യാമറ തുടങ്ങിയ വസ്തുക്കൾ കൈവശം കൊണ്ടുവരാൻ പാടില്ല. ചടങ്ങ് കഴിഞ്ഞ് രാഷ്ട്രപതി നിയമസഭാ സമുച്ചയത്തിന് പുറത്തുപോയതിന് ശേഷം മാത്രമേ ചടങ്ങ് വീക്ഷിക്കാനെത്തിയവരെ പുറത്തേക്ക് പോകുവാൻ അനുവദിക്കുകയുള്ളൂ എന്നും അറിയിപ്പിൽ പറയുന്നു.

Share
അഭിപ്രായം എഴുതാം