മുംബൈ: ആഭ്യന്തര സ്റ്റാര്‍ട്ടപ്പ് കാരിയറായ ആകാശ എയര്‍ ജൂലൈയില്‍ എയർലൈൻ സര്‍വീസ് തുടങ്ങിയേക്കും. തങ്ങളുടെ ആദ്യ വിമാനം യു.എസിലെ ബോയിങ് പോര്‍ട്ട്ലാന്‍ഡില്‍ അന്തിമ മിനുക്കുപണിയിലാണെന്ന് ആകാശ എയര്‍ വ്യക്തമാക്കി.അടുത്ത മാസം പകുതിയോടെ വിമാനങ്ങള്‍ ലഭിച്ചു തുടങ്ങുമെന്നാണ് പ്രതീക്ഷ. 2023 മാര്‍ച്ച് അവസാനത്തോടെ രാജ്യത്തെ ആഭ്യന്തര റൂട്ടുകളില്‍ 18 വിമാനങ്ങള്‍ പറത്താനാണ് എയർലൈന്‍ പദ്ധതിയിട്ടിരിക്കുന്നതെന്നും ആകാശ് എയര്‍ വ്യക്തമാക്കി. മെട്രോയില്‍ നിന്ന് ടയര്‍-2/3 നഗരങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും പത്രക്കുറിപ്പിലുണ്ട്. എയ്സ് നിക്ഷേപകനായ രാകേഷ് ജുന്‍ജുന്‍വാലയുടെ പിന്തുണയുള്ള ആകാശ് എയര്‍ മുംബൈ ആസ്ഥാനമായുള്ള വിമാനക്കമ്പനിയാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തില്‍ നിന്ന് ആകാശിന് നോണ്‍ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് കിട്ടിയത്. തുടര്‍ന്ന് 72 ബോയിങ് 737 മാക്സ് വിമാനങ്ങള്‍ക്കായി കഴിഞ്ഞ നവംബറില്‍ കമ്പനി ബോയിങ്ങുമായി കരാര്‍ ഒപ്പുവച്ചു. ഒമ്പത് ശതകോടി ഡോളറിന്റെ കരാറാണിത്. ഇന്ധനക്ഷമതയുള്ള സി.എഫ്.എം ലീപ് ബി എന്‍ജിനാണ് ഈ വിമാനങ്ങളില്‍ പ്രവര്‍ത്തിക്കുക.