ഏഷ്യാ കപ്പ് ഹോക്കി: ഇന്ത്യ-പാക് പോരാട്ടം സമനിലയില്‍

ജക്കാര്‍ത്ത: ഏഷ്യാ കപ്പ് ഹോക്കിയിലെ ഇന്ത്യ-പാകിസ്താന്‍ മത്സരം സമനിലയില്‍. എട്ടാം മിനിറ്റില്‍ മുന്നില്‍ക്കടന്ന ഇന്ത്യയെ മത്സരം അവസാനിക്കാന്‍ രണ്ടു മിനിറ്റുള്ളപ്പോള്‍ നേടിയ ഗോളില്‍ പാകിസ്താന്‍ സമനിലയില്‍ തളയ്ക്കുകയായിരുന്നു. പൂള്‍ എയിലെ ഇരുടീമുകളുടെയും ആദ്യമത്സരമായിരുന്നു ഇന്നലത്തേത്. ഇന്ത്യക്കായി കാര്‍ത്തി സെല്‍വവും പാകിസ്താനായി അബ്ദുള്‍ റാണയും ഗോള്‍ നേടി. ജപ്പാനുമായാണ് ഇന്ത്യയുടെ രണ്ടാം മത്സരം. പൂള്‍ എയില്‍ 23/05/22 നടന്ന മറ്റൊരു മത്സരത്തില്‍ ആതിഥേയരായ ഇന്‍ഡോനീഷ്യയെ ജപ്പാന്‍ എതിരില്ലാത്ത ഒന്‍പതുഗോളിനു തകര്‍ത്തു. പൂള്‍ ബിയില്‍ മലേഷ്യ 7-0 എന്ന സ്‌കോറിന് ഒബാനെയും കൊറിയ 6-1 ന് ബംഗ്ലാദേശിനെയും പരാജയപ്പെടുത്തി.പാകിസ്താന്റെ മുന്നേറ്റത്തോടെയായിരുന്നു മത്സരത്തുടക്കം. മൂന്നാം മിനിറ്റില്‍ത്തന്നെ ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ പക്ഷേ, ലക്ഷ്യത്തിലെത്തിക്കാന്‍ എതിരാളികള്‍ക്കു കഴിയാതിരുന്നതോടെ ഇന്ത്യ രക്ഷപ്പെട്ടു.തൊട്ടുപിന്നാലെ ഇന്ത്യയ്ക്കും പെനാല്‍റ്റി കോര്‍ണറിന്റെ രൂപത്തില്‍ മുന്നിലെത്താന്‍ അവസരം ലഭിച്ചു. നീലം സഞ്ജീപിന്റെ ഉദ്യമം പാകിസ്താന്‍ ഗോള്‍കീപ്പര്‍ അക്മല്‍ ഹുസൈന്‍ വിഫലമാക്കി. ഇതിനുശേഷം ഇന്ത്യയ്ക്കു തുടരെ ലഭിച്ച രണ്ടു പെനാല്‍റ്റി കോര്‍ണറുകളില്‍ രണ്ടാമത്തേതു ലക്ഷ്യത്തിലെത്തിച്ച് കാര്‍ത്തി സെല്‍വം ടീമിനു ലീഡ് നല്‍കി. പാക് പ്രതിരോധതാരം മുഹമ്മദ് അബ്ദുള്ളയുടെ സ്റ്റിക്കില്‍ത്തട്ടി തെറിച്ച പന്ത് പിടിച്ചെടുത്താണു കാര്‍ത്തി തന്റെ ആദ്യ രാജ്യാന്തര ഗോള്‍ അക്കൗണ്ടിലാക്കിയത്. രണ്ടാം പാദത്തില്‍ പവന്‍ രാജ്ഭറിന്റെ ക്ലോസ് റേഞ്ച് ഷോട്ട് പാക് ഗോള്‍ കീപ്പര്‍ അവിശ്വസനീയമാംവിധം രക്ഷപ്പെടുത്തി.

ഇടവേളയ്ക്കു പിരിയുന്നതിനു തൊട്ടുമുമ്പ് പാകിസ്താന് സമനില പിടിക്കാന്‍ ലഭിച്ച അവസരവും മുതലാക്കാനായില്ല. ഇതിനുശേഷവും ഇരുപക്ഷവും തുടരെ ആക്രമണം നടത്തിയെങ്കിലും ഗോള്‍ പിറന്നില്ല.നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ മുഴുവന്‍ പോയിന്റുമായി മത്സരം പൂര്‍ത്തിയാക്കുമെന്നു പ്രതീക്ഷിച്ച വേളയിലാണ് പാകിസ്താന്റെസമനിലഗോളെത്തിയത്. 88-ാം മിനിറ്റില്‍ അനാവശ്യമായി വഴങ്ങിയ പെനാല്‍റ്റിയാണ് ഇന്ത്യന്‍ വിജയപ്രതീക്ഷകള്‍ തകര്‍ത്തത്.മുഷ്ഫിക്കര്‍ അലിയുടെ ഫ്ളിക്ക് ഗോള്‍ലൈനില്‍ യാഷ്ദീപ് സിവാഷ് രക്ഷപ്പെടുത്തിയെങ്കിലും റീബൗണ്ട് ചെയ്തുവന്ന പന്തു പിടിച്ച് അബ്ദുള്‍ റാണ പാകിസ്താനെ ഒപ്പമെത്തിക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →