നിലമ്പൂര്‍ : കൊത്തിനുറുക്കി ചാലിയാര്‍ പുഴയില്‍ തളളിയ നാട്ടുവൈദ്യന്‍ ഷാബാ ശെരീഫിന്റെ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തുന്നതിന് ചാലിയാര്‍ പുഴയില്‍ പോലീസ് തെരച്ചില്‍ തുടങ്ങി. മുങ്ങല്‍ വിദഗ്‌ധര്‍, ഫയര്‍ഫോഴ്‌സ്, എമര്‍ജന്‍സി റെസ്‌ക്യൂ ഫോഴ്‌സ്, പോലീസ് എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചില്‍.
2022 മെയ് 20ന് വെളളിയാഴ്‌ച രാവിലെ പത്തരയോടെ മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിനെയും ഷൈബിന്റെ ഡ്രൈവറും കൂട്ടുപ്രതിയുമായ നിഷാദിനെയും സീതിഹാജിപാലത്തില്‍ എത്തിച്ചു. നിലമ്പൂര്‍ ഡിവൈഎസ്‌പി സാജു കെ.എബ്രാഹം, സിഐ പി.വിഷ്‌ണു, എടവണ്ണഎസ്‌എച്ച്‌ഒ അബ്ദുല്‍ മജീദ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ സായുധ സംഘമാണ് പ്രതികളെ എത്തിച്ചത്.
ഷൈബിന്റെ ചുവന്ന ആഡംബര കാറിലാണ് പ്ലാസ്റ്റിക്ക് കവറിലാക്കിയ മൃതദേഹം കൊണ്ടുവന്ന് പാലത്തില്‍ നിന്ന് ഷൈബിനും നിഷാദും ചേര്‍ന്ന് ചാലിയാറിലേക്ക് തളളിയത്. വാഹനങ്ങള്‍ വരുന്നുണ്ടോയെന്നറിയാന്‍ മറ്റ് പ്രതികള്‍ പാലത്തിന്റെ ഇരുഭാഗങ്ങളിലും കാവല്‍ നിന്നു. അര്‍ദ്ധരാത്രിയില്‍ മൃതദേഹം പുഴയിലേക്ക് തളളുന്നതിനിടയില്‍ മൃതദേഹം പാലത്തിന്റെ ഭിത്തിയില്‍ തട്ടിയിരുന്നതായി നിഷാദ് പറഞ്ഞു. തെളിവെടുപ്പിനിടെ ആളുകള്‍ കൂടിയതോടെ 20 മിനിട്ടിനകം തെരച്ചില്‍ അവസാനിപ്പിച്ച പ്രതികളുമായി പോലീസ് മടങ്ങി . പിന്നീട് 11 മണിയോടെ വീണ്ടും പുഴയില്‍ തെരച്ചില്‍ തുടങ്ങുകയായിരുന്നു. മലപ്പുറത്തുനിന്നുളള ശാസ്‌ത്രീയ പരിശോധനാ സംഘവും ഉണ്ട്.
അടുത്തയിടെ പാലം വെളളപൂശിയതിനാല്‍ മൃതദേഹം തട്ടിയെന്ന് പറയപ്പെടുന്ന ഭാഗത്ത് അടയാളങ്ങള്‍ കാണാനായില്ല. തൂണുകള്‍ക്കുചുറ്റുമുളള കരിങ്കല്ലുകൊണ്ട് തീര്‍ത്ത സംരക്ഷണ ഭിത്തിയിലെ കല്ലുകള്‍ക്കിടയില്‍ മൃതദേഹ ഭാഗങ്ങള്‍ തങ്ങി നില്‍പ്പുണ്ടോയെന്നറിയാന്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇടയ്‌ക്കുളള മഴകാരണം വൈകിട്ട മൂന്നരയോടെ ആദ്യ ദിവസത്തെ തെരച്ചില്‍ അവസാനിപ്പിച്ചു. നേവിയുടെ സഹായത്തോടെ ഇന്ന് (21.05.2022) വീണ്ടും തെരച്ചില്‍ തുടരും. കൊച്ചിയില്‍ നിന്നുളള നേവി സംഘം നിലമ്പൂര്‍ ആംഡ് ബെറ്റാലിയന്‍ കാമ്പിലെത്തിയിട്ടുണ്ട്.