ദുരന്തനിവാരണം: പഞ്ചായത്ത് തലത്തിൽ കൺട്രോൾ റൂം; മഴക്കാല മുന്നൊരുക്കങ്ങൾ വിലയിരുത്തി

മഴക്കാല ദുരന്തനിവാരണം മുൻനിർത്തി ജില്ലയിൽ ഗ്രാമപഞ്ചായത്ത് തലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറക്കും. ഇത് സംബന്ധിച്ച് തദ്ദേശ വകുപ്പ് ജോയിൻറ് ഡയറക്ടർക്ക് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ നിർദേശം നൽകി. മഴക്കാല മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കലക്ടറുടെ നേതൃത്വത്തിൽ ഓൺലൈനായി ചേർന്ന യോഗത്തിലാണ് നിർദ്ദേശം. മഴക്കാല മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ചീഫ് സെക്രട്ടറിയുടെയും ജില്ലാ കലക്ടർമാരുടെയും യോഗത്തിലെ നിർദേശമനുസരിച്ചാണിത്. 

ജില്ലയിലെ ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളുടെ പട്ടിക പഞ്ചായത്ത് തലത്തിൽ തയ്യാറാക്കും. ദുരിതാശ്വാസ കേന്ദ്രങ്ങളുടെ പട്ടിക  ജനങ്ങളെ അറിയിക്കും. ഓരോ ഗ്രാമപഞ്ചായത്തും ദുരിതാശ്വാസ വളണ്ടിയർമാരുടെ പട്ടിക തയ്യാറാക്കണമെന്നും കലക്ടർ അറിയിച്ചു. കാലാവസ്ഥാ മുന്നറിയിപ്പുകൾ, ജാഗ്രതാ നിർദ്ദേശങ്ങൾ തുടങ്ങിയവ വാർഡ് തലത്തിൽ അറിയിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തും. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കും. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കാവശ്യമായ അവശ്യസാധനങ്ങളും ഉപകരണങ്ങളും ഉറപ്പ് വരുത്താൻ ഫയർഫോഴ്സ്, പൊലീസ്, റവന്യൂ വകുപ്പുകൾക്ക് ചുമതല നൽകി. ജലാശയങ്ങളിലെ എക്കലും ചെളിയും നീക്കി നീരൊഴുക്ക് സുഗമമാക്കാനുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ ഇറിഗേഷൻ വകുപ്പിനും നിർദ്ദേശം നൽകി. 

പുഴകളിൽ നിന്നും നീക്കിയ എക്കൽ കണ്ണൂർ ഗവ. എഞ്ചിനിയറിംഗ് കോളേജ് ലാബിൽ പരിശോധിച്ച് വില നിർണ്ണയിക്കാനും ലേലം ചെയ്ത് ഒഴിവാക്കാനും ജില്ലാ കലക്ടർ നിർദ്ദേശം നൽകി. അപകടകരമായ മരങ്ങൾ, മരക്കൊമ്പുകൾ എന്നിവ മുറിച്ച് നീക്കണം. ഇക്കാര്യം തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ ഉറപ്പ് വരുത്തണം. നദീതീരത്തും, കടൽത്തീരത്തും കഴിയുന്ന മാറ്റി പാർപ്പിക്കേണ്ടി വരുന്നവരുടെ പട്ടിക തയ്യാറാക്കണം. വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കണം. സ്‌കൂൾ, ആശുപത്രി കെട്ടിടങ്ങളുടെ ഫിറ്റ്നസ് ഉറപ്പ് വരുത്താൻ പൊതുമരാമത്ത് വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് പ്രവർത്തിക്കണം. ആശുപത്രികളിൽ വൈദ്യുതി തടസ്സമുണ്ടാവരുത്. ഇക്കാര്യത്തിൽ കെ എസ് ഇ ബി പ്രത്യേക ശ്രദ്ധ കാട്ടണം. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷാ മുന്നറിയിപ്പുകൾ നൽകണം. പകർച്ചവ്യാധികൾക്കെതിരായ മുന്നൊരുക്കങ്ങൾ നടത്തണം-കലക്ടർ നിർദേശിച്ചു. ജില്ലയിലെ നിലവിലെ സ്ഥിതിഗതികളും യോഗം ചർച്ച ചെയ്തു. കോർപ്പറേഷൻ പരിധിയിലെ വെള്ളക്കെട്ടുകൾ നീക്കം ചെയ്യാൻ പ്രത്യേക പരിഗണന നൽകണമെന്ന് കോർപ്പറേഷൻ സെക്രട്ടറിക്ക് ജില്ലാ കലക്ടർ നിർദേശം നൽകി. സിറ്റി, റൂറൽ പൊലീസ് മേധാവികൾ, മറ്റ് വകുപ്പ് ഉദ്യോഗസ്ഥർ, തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →