വന്യജീവി ആക്രമണം: വന്യമിത്ര സംയോജിത പദ്ധതി യോഗം ചേർന്നു

വന്യമിത്ര സംയോജിത പദ്ധതിയുടെ പ്രൊപ്പോസലുകൾ രൂപീകരിക്കുന്നതിനും അവയുടെ മുൻഗണനാ ക്രമമനുസരിച്ചുള്ള നിർവ്വഹണം സാധ്യമാക്കുന്നതിനുമായി ഡി.എഫ്.ഒ തലത്തിൽ യോഗം ചേർന്നു. ജില്ലാ ആസൂത്രണ ഭവനിൽ  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്ററുടെ നേതൃത്വത്തിൽ  ചേർന്ന യോഗത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉൾപ്പെടെ പങ്കെടുത്തു. 

വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് ജനങ്ങളെയും കൃഷിയെയും   സംരക്ഷിക്കുന്നതിന്റെ ഭാഗമായി ജനപ്രതിനിധികളിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും വന്ന പരിഹാരമാർഗ നിർദ്ദേശങ്ങൾ യോഗം ചർച്ച ചെയ്തു. വിവിധ വകുപ്പുകൾ സംയോജിപ്പിച്ച് പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകണമെന്ന്  പി കെ ഡേവിസ് മാസ്റ്റർ പറഞ്ഞു. ആന, കാട്ടുപന്നി, മുള്ളൻപന്നി, കുരങ്ങ്, മലയണ്ണാൻ, മയിൽ എന്നിവയാണ് കർഷകർക്ക് പ്രധാന വെല്ലുവിളി ഉയർത്തുന്നത്. സോളാർ ഇലക്ട്രിക് ഫെൻസ്  അടക്കമുള്ള നിർദ്ദേശങ്ങൾ മുന്നോട്ടു വെച്ചെങ്കിലും ഫലവത്താകുന്നില്ലെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. പ്രതിസന്ധി പരിഹരിക്കാൻ 
ഇലക്ട്രിക് ഫെൻസുകൾ വിപുലീകരിക്കണമെന്നും പുതിയ പദ്ധതികൾ നടപ്പാക്കുന്നതിനെ കുറിച്ച്  ഉദ്യോഗസ്ഥ തലത്തിൽ തീരുമാനമെടുക്കണമെന്നും യോഗം വിലയിരുത്തി. 

യോഗത്തിൽ സർക്കാർ നോമിനി എം എൻ സുധാകരൻ, ജില്ലാ ആസൂത്രണ സമിതി അംഗം കെ വി സജു, ജില്ലാ ആസൂത്രണ സമിതി ഫെസിലിറ്റേറ്റർ അനൂപ് കിഷോർ,  പട്ടിക്കാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി രാജീവ്‌, പഞ്ചായത്ത് – ബ്ലോക്ക് പ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ  പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം