അഹമ്മദാബാദ്: ബി.ജെ.പിയില്‍ ചേര്‍ന്നിട്ടില്ലെന്നു കോണ്‍ഗ്രസ് വിട്ട ഗുജറാത്തിലെ പട്ടേല്‍ പ്രക്ഷോഭനായകന്‍ ഹാര്‍ദിക് പട്ടേല്‍. ബി.ജെ.പിയിലോ ആംആദ്മി പാര്‍ട്ടിയിലോ ചേരുന്നതു സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍നിന്നു രാജിവച്ച ഹാര്‍ദിക് പാര്‍ട്ടിക്കും ദേശീയ നേതൃത്വത്തിനുമെതിരേ കടുത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ”രാഹുല്‍ ഗാന്ധി ഗുജറാത്ത് സന്ദര്‍ശിച്ച വേളയില്‍ ഗുജറാത്തിനെ ബാധിക്കുന്ന യാതൊരു തരത്തിലുള്ള വിഷയങ്ങളും ചര്‍ച്ചയായില്ല. രാഹുലിന് ചിക്കന്‍ സാന്‍വിച്ചും മറ്റു വിഭവങ്ങളും വിളമ്പുന്നതിലായിരുന്നു നേതാക്കളുടെ ശ്രദ്ധ. ജാതി രാഷ്ട്രീയമല്ലാതെ മറ്റൊന്നും ചര്‍ച്ചയായതുമില്ല”ഹാര്‍ദിക് ആരോപിച്ചു. കോണ്‍ഗ്രസില്‍ കുടുംബാധിപത്യമാണെന്നും കോണ്‍ഗ്രസെന്നാല്‍ ഗാന്ധി കുടുംബം മാത്രമാണെന്നും ഹാര്‍ദിക് പറഞ്ഞു. കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച മൂന്നു വര്‍ഷം വെറുതേ നഷ്ടപ്പെടുത്തിയെന്നും അദ്ദേഹം പരിതപിച്ചു. നേരത്തെ, നേതാക്കള്‍ക്കെതിരേ ആഞ്ഞടിച്ചാണ് ഹാര്‍ദിക് കോണ്‍ഗ്രസില്‍ നിന്നു രാജിവച്ചതും.
അയോധ്യ വിധി, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് തുടങ്ങിയ കാര്യങ്ങളില്‍ ഹാര്‍ദിക് ബി.ജെ.പിയെ പുകഴ്ത്തിയിരുന്നു. ഇതോടെയാണ് ബി.ജെ.പിയിലേക്ക് എന്ന അഭ്യൂഹം ശക്തിപ്പെട്ടത്.ഗുജറാത്തിനെ പിടിച്ചുലച്ച പട്ടേല്‍ സമുദായ പ്രക്ഷോഭത്തിലൂടെ സംസ്ഥാന രാഷ്ട്രീയത്തില്‍ ഉദിച്ചുയര്‍ന്ന ഹാര്‍ദിക് 2019 ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്‍പാണു കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പട്ടേല്‍ സമുദായ നേതാവ് നരേഷ് പട്ടേലിനെ പാര്‍ട്ടിയിലെടുക്കാനുള്ള നീക്കത്തില്‍ ഹാര്‍ദിക് അസ്വസ്ഥനായിരുന്നു.അതിനിടെ, സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ നരേഷ് പട്ടേലുമായി കൂടിക്കാഴ്ച നടത്തി. ഹാര്‍ദിക് പട്ടേല്‍ പാര്‍ട്ടി വിട്ടതിന് തൊട്ടുപിറ്റേന്നാണു നേതാക്കള്‍ നരേഷ് പട്ടേലുമായി കൂടിക്കാഴ്ച നടത്തിയത് എന്നത് ശ്രദ്ധേയമാണ്.ഇന്നലെ രാജ്കോട്ടില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഐ.ഐ.സി.സി. ചുമതല വഹിക്കുന്ന രഘു ശര്‍മ, ഗുജറാത്ത് പി.സി.സി. അധ്യക്ഷന്‍ ജഗ്ദീഷ് താക്കൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.നിയമസഭാ തെരഞ്ഞെടുപ്പിലൂടെ രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുകയാണ് നരേഷ് പട്ടേല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് െഹെക്കമാന്‍ഡുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, രാഷ്ട്രീയത്തില്‍ പ്രവേശത്തില്‍ അന്തിമതീരുമാനം െകെക്കൊണ്ടിട്ടില്ലെന്നാണ് നരേഷ് പട്ടേലിന്റെ പ്രതികരണം.

