വാരാണസി(യു.പി.): കാശി വിശ്വനാഥക്ഷേത്രത്തോടു ചേര്‍ന്നുള്ള ഗ്യാന്‍വാപി മസ്ജിദ് വളപ്പില്‍ നടത്തിയ വീഡിയോ സര്‍വേയുടെ റിപ്പോര്‍ട്ട് അഭിഭാഷക കമ്മിഷന് കോടതിയില്‍ സമര്‍പ്പിച്ചു. മൂന്ന് ഭാഗങ്ങളായുള്ള റിപ്പോര്‍ട്ടിനൊപ്പം വീഡിയോ ദൃശ്യങ്ങളടങ്ങിയ ചിപ്പ്, ചിത്രീകരണം നടത്തുന്നതിന്റെ ഫോട്ടോഗ്രാഫുകള്‍ എന്നിവയും മുദ്രവച്ച കവറില്‍ സമര്‍പ്പിച്ചതായി കോടതി നിയോഗിച്ച കമ്മിഷണര്‍ വിശാല്‍ സിങ് വ്യക്തമാക്കി. അതേസമയം, മുദ്രവച്ച കവറില്‍ കോടതിക്കു സമര്‍പ്പിച്ച സര്‍വേ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ കേസിലെ ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ പുറത്തുവിട്ടതു വിവാദമായി.
മസ്ജിദിനുള്ളില്‍ ഹിന്ദു വിഗ്രഹങ്ങളുണ്ടെന്ന ഹര്‍ജിക്കാരുടെ അവകാശവാദം സാധൂകരിക്കുന്ന കണ്ടെത്തലുകളാണു കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്ട്ടിലേതെന്ന പേരില്‍ പുറത്തുവന്നത്. ഇതിന്റെ ആധികാരികത വ്യക്തമല്ല. ഗ്യാന്‍വാപി മസ്ജിദ് വളപ്പിലുള്ള ശൃംഗാര്‍ ഗൗരി ക്ഷേത്രത്തിലേതുള്‍പ്പെടെയുള്ള പ്രതിഷ്ഠകളില്‍ നിത്യാരാധനയ്ക്ക് അനുമതി തേടി ഡല്‍ഹി സ്വദേശികളായ അഞ്ച് വനിതകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു വാരാണസി കോടതി വീഡിയോ സര്‍വേയ്ക്ക് ഉത്തരവിട്ടത്. എന്നാല്‍, ഇത് ചോദ്യംചെയ്ത് മസ്ജിദ് സമിതി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്നതിനാല്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ വാരാണസി കോടതിക്കു വിലക്കുണ്ട്. സര്‍വേയ്ക്കെതിരായ പരാതിയില്‍ തീര്‍പ്പുകല്‍പ്പിക്കുന്നത് മാറ്റിവയ്ക്കണമെന്ന് ഹിന്ദു വിഭാഗത്തില്‍പ്പെട്ട ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. സര്‍വേ വിവരങ്ങള്‍ പുറത്തുവിട്ടെന്ന ആരോപണത്തേത്തുടര്‍ന്ന് അഭിഭാഷക കമ്മിഷണറായിരുന്ന അജയ് മിശ്രയെ പുറത്താക്കിയാണു കോടതി വിശാല്‍ സിങ്ങിനെ പകരം നിയമിച്ചത്.മസ്ജിദില്‍ പ്രവേശിക്കുന്നതിനു മുമ്പ് വിശ്വാസികള്‍ ദേഹശുദ്ധി വരുത്തുന്ന കുളത്തില്‍ ശിവലിംഗം കണ്ടെത്തിയതായി സര്‍വേ സംഘത്തിലെ അഭിഭാഷകന് അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഇത് ശിവലിംഗമല്ലെന്നും ജലധാരായന്ത്രത്തിന്റെ ഭാഗമാണെന്നുമാണു മസ്ജിദ് സമിതിയുടെ വാദം. ശിവലിംഗം കണ്ടെത്തിയതായി പറയപ്പെടുന്ന ഭാഗത്തു സംരക്ഷണമേര്‍പ്പെടുത്താനും എന്നാല്‍, മസ്ജിദിലെ പ്രാര്‍ഥന തടസപ്പെടുത്തരുതെന്നും വാരാണസി ജില്ലാ മജിസ്ട്രേറ്റിനു സുപ്രീം കോടതി കഴിഞ്ഞദിവസം ഉത്തരവ് നല്‍കിയിരുന്നു.
കടുത്ത ചൂടും ഭൂഗര്‍ഭനിലയിലെ വൃത്തിഹീനമായ അന്തരീക്ഷവും അവഗണിച്ച് നിഷ്പക്ഷമായാണു സര്‍വേ നടത്തിയതെന്നും ഇരുകക്ഷികളെയും തുല്യമായാണു പരിഗണിച്ചതെന്നും അഭിഭാഷക കമ്മിഷന് അംഗം അജയ് പ്രതാപ്സിങ് പറഞ്ഞു. കാശി വിശ്വനാഥക്ഷേത്രത്തിലെ നന്ദി പ്രതിഷ്ഠയുടെ എതിര്‍വശത്ത്, മസ്ജിദ് ഭിത്തിയോടു ചേര്‍ന്ന് കൂട്ടിയിട്ടിരിക്കുന്ന അവശിഷ്ടങ്ങള്‍ നീക്കണമെന്ന ഹര്‍ജിയില്‍ കോടതി പിന്നീട് വാദം കേള്‍ക്കും. മസ്ജിദ് സ്ഥിതിചെയ്യുന്നതു കാശി വിശ്വനാഥക്ഷേത്രഭൂമിയിലാണെന്നു തെളിയിക്കാന്‍ കൂടുതല്‍ ഭാഗങ്ങളില്‍ സര്‍വേ നടത്തണമെന്നാണു ഹര്‍ജിക്കാരുടെ ആവശ്യം.

