കൊച്ചി. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ തെളിവ് ഹാജരാക്കാന്‍ വിചാരണ കോടതി പ്രോസിക്യൂഷന് ഒരവസരം കൂടി അനുവദിച്ചു. കൃത്യമായ തെളിവുകള്‍ ഹാജരാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി പ്രോസിക്യൂഷനെ വിമര്‍ശിച്ചിരുന്നു. ഹര്‍ജിപരിഗണിക്കാന്‍ ഈ മാസം 26ലേക്ക് മാറ്റി. തെളിവ് ഹാജരാക്കാനുളള അവസാന അവസരമാണെന്ന മുന്നറിയിപ്പോടൊണ് എറണാകുളം സ്‌പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതി 26ലേക്ക് ഹര്‍ജി മാറ്റിയത്.
ദിലീപ് തെളിവുകള്‍ നശിപ്പിച്ചെന്നും സാക്ഷികളെ സ്വാധീനിച്ചെന്നും ആരോപിച്ചാണ് പ്രോസിക്യൂഷന്‍ ഹര്‍ജി നല്‍കിയത്. നടിയെ ആക്രമിച്ച് പ്രതികള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ അടങ്ങിയ ഫോണുകളിലെ വിവരങ്ങള്‍ ദിലീപും കൂട്ടരും നശിപ്പിച്ചെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇവയൊക്കെ നടിയെ ആക്രമിച്ച കേസിലെ തെളിവുകളാണെന്ന് എങ്ങനെയാണ് വിലയിരുത്തിയതെന്ന് കോടതി ആരാഞ്ഞു.
ഫോണുകളില്‍ നിന്ന് ഏതൊക്കെ രേഖകള്‍ ലഭിച്ചെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇവ കാണിക്കണമെന്ന് കോടതി ആവശ്യപ്പെട്ടെങ്കിലും മറ്റൊരു ദിവസം ഹാജരാക്കാമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കുകയായിരുന്നു. ഈ മറുപടിയില്‍ കോടതി അതൃപ്‌തി രേഖപ്പെടുത്തി. ഹര്‍ജി വീണ്ടും പരിഗണിക്കുമ്പോള്‍ കൃത്യമായ തെളിവുകള്‍ ഹാജരാക്കണമെന്നും ഇതിനുശേഷമേ വാദം തുടങ്ങൂവെന്നും കോടതി ഓര്‍മപ്പെടുത്തി.

