നാടിന്റെ സമഗ്രവികസനത്തിന് ജനങ്ങള്‍ ഒന്നിച്ചുനില്‍ക്കണം: മന്ത്രി കെ രാധാകൃഷ്ണന്‍

പ്രദര്‍ശന-വിപണന-ഭക്ഷ്യമെഗാമേളയ്ക്ക് തിരൂരില്‍ ശുഭപരിസമാപ്തി

കേരളത്തിന്റെ സമഗ്ര വികസനത്തിനും സാഹോദര്യത്തിനും ജനങ്ങള്‍ ഒന്നിച്ചുനില്‍ക്കണമെന്ന് പട്ടികജാതി പട്ടികവര്‍ഗ-ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷണന്‍. പ്രവാസികളുടെ ക്ഷേമവും സമ്പത്തും ജില്ലയ്ക്ക് മുതല്‍ക്കൂട്ടാകുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് തിരൂരില്‍ സംഘടിപ്പിച്ച പ്രദര്‍ശന-വിപണന-ഭക്ഷ്യമെഗാമേളയുടെ സമാപന സമ്മേളനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാസികളെ മാത്രം ആശ്രയിച്ച് നില്‍ക്കാതെ സഹകരണ മേഖലയെ ഫലപ്രദമായി ഉപയോഗപ്പെടുത്തി സാമ്പത്തിക രംഗത്ത് ഉണര്‍വുണ്ടാക്കണം. പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെ മുന്നില്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ജാതി മത ഭ്രാന്ത് കേരളത്തിന്റെ വികസനത്തിനും ഐക്യത്തിനും തുരങ്കം വയ്ക്കും. ഇത്തരം ഭിന്നതകള്‍ ഒഴിവാക്കാന്‍ നമുക്കാകണമെന്നും മന്ത്രി പറഞ്ഞു.

പിണറായി വിജയന്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളില്‍ ഭൂരിഭാഗവും പൂര്‍ത്തീകരിച്ചതിനാലാണ്  രണ്ടാമതും ജനങ്ങള്‍ സര്‍ക്കാറിനെ അധികാരത്തിലേറ്റിയത്. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളില്‍ ഭൂരിഭാഗവും നടപ്പാക്കി. വികസന ക്ഷേമ പദ്ധതികളിലെ ഈ പൂര്‍ത്തീകരണമാണ് ഈ സര്‍ക്കാര്‍ 2021ല്‍ വീണ്ടും അധികാരത്തില്‍ വരാന്‍ ഇടയാക്കിയത്. കേരളത്തിന്റെ വിവിധ മേഖലകളില്‍ മാറ്റമുണ്ടാക്കാനാകുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. സാമൂഹ്യക്ഷേമ മേഖലയില്‍ മികച്ച നേട്ടമാണ് സംസ്ഥാനം കൈവരിച്ചത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താല്‍ സാമൂഹ്യക്ഷേമ രംഗത്ത് കേരളം വമ്പിച്ച മുന്നേറ്റമാണ് ഉണ്ടാക്കിയിട്ടുള്ളതെന്നും മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. ജില്ലയിലെ വികസനത്തിന് ആക്കംകൂട്ടുന്ന വിവിധ പദ്ധികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കാനുള്ള പദ്ധതിയുടെ ഭാഗമായായി ജില്ലയില്‍ അര്‍ഹരായ കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിക്കാനായത് നേട്ടമാണ്. സാമൂഹ്യരംഗത്ത് ഇത്രയും മുന്നേറ്റം നടത്താന്‍ ആയിട്ടുണ്ടെങ്കില്‍ സാമ്പത്തിക രംഗത്തും ആ മുന്നേറ്റത്തിന് സാധിക്കും. സാമ്പത്തിക വളര്‍ച്ച, വികസനം, തൊഴില്‍ എന്നീ മേഖലകളിലാണ് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത്. ഇതുകൂടി മുന്നില്‍ക്കണ്ടു കൊണ്ടാണ് കേരളത്തിന്റെ വികസന രംഗത്തുള്ള പ്രവര്‍ത്തനങ്ങള്‍. കേരളത്തിന്റെ വികസന സാധ്യകളെ പരമാവധി ഉപയോഗപ്പെടുത്താന്‍ സാധിക്കണമെന്നും മന്ത്രി കെ രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു

കോവിഡ് മഹാമാരിയും  തുടര്‍ച്ചയായ പ്രളയവും പ്രതിസന്ധി തീര്‍ത്തപ്പോഴും ജനങ്ങളുടെ ക്ഷേമകാര്യത്തിലും വികസനത്തിലും സംസ്ഥാന സര്‍ക്കാര്‍ അവധി പറഞ്ഞില്ലെന്ന് സമാപന സമ്മേളനത്തില്‍ ഓണ്‍ലൈനായി സംസാരിച്ച കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. കേരളത്തില്‍ എല്ലാ മേഖലയിലും സമഗ്രമുന്നേറ്റമുണ്ടാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ന്യൂനപക്ഷ വിഭാഗങ്ങളെ ഇത്രമേല്‍ സംരക്ഷിക്കുന്നതില്‍ ശ്രദ്ധപുലര്‍ത്തുന്ന സംസ്ഥാനം കേരളമല്ലാതെ രാജ്യത്ത് മറ്റൊന്നുമില്ലെന്ന് തുറമുഖ-മ്യൂസിയം -പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ന്യൂനപക്ഷ വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേത്യത്വത്തിലുള്ള സര്‍ക്കാര്‍ പ്രമുഖ പരിഗണനയാണ് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. തിരൂരില്‍ സംഘടിപ്പിച്ച പ്രദര്‍ശന-വിപണന-ഭക്ഷ്യമെഗാമേള വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും സേവനങ്ങള്‍ ഒരുകുടക്കീഴില്‍ ഒരുക്കുന്ന വലിയ ജനകീയ മേളയായി മാറിയെന്ന് ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് വ്യക്തമാക്കി. മേളയുടെ വിജയത്തില്‍ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാനും ജില്ലാ ഭരണകൂടത്തിനും മന്ത്രി വീണാ ജോര്‍ജ്ജ് അഭിനന്ദനം അറിയിച്ചു.

ചടങ്ങില്‍ അധ്യക്ഷനായ കായിക വകുപ്പ് മന്ത്രി മെഗാമേള വിജയമാക്കി തീര്‍ത്ത ജനങ്ങളോട് നന്ദി പറഞ്ഞു. ജില്ലാ വികസന കമ്മീഷണര്‍ എസ് പ്രേംകൃഷ്ണന്‍, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ധീന്‍, തിരൂര്‍ നഗരസഭാ കൗണ്‍സിലര്‍മാരായ വി. നന്ദന്‍ മാസ്റ്റര്‍, ,മലബാര്‍ ദേവസ്വം ബോര്‍ഡ് മലപ്പുറം ഏരിയ ചെയര്‍മാന്‍ ബേബി ശങ്കര്‍, ഇമ്പിച്ചിബാവ സഹകരണ ആശുപത്രി ചെയര്‍മാന്‍ എ ശിവദാസന്‍, തിരൂര്‍ നഗരസഭ മുന്‍ ചെയര്‍മാന്‍ കെ ബാവ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ബാബു മംഗലം, വി.കെ യൂസഫ്, നാസര്‍ കൊട്ടാരത്ത്, ചേമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രതിനിധി പി.പി അബ്ദുറഹ്‌മാന്‍, തിരൂര്‍ ഡി.വൈ.എസ്.പി വി.വി ബെന്നി തുടങ്ങിയവര്‍ സംസാരിച്ചു. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി റഷീദ് ബാബു അവലോകനം നടത്തി. ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ സ്വാഗതവും എ.ഡി.എം എന്‍.എം മെഹ്‌റലി നന്ദിയും പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →