രാജ്യത്തെ ഇന്ധന ഉപയോഗവും മേലേക്ക്

മുംബൈ: വിലയിലെ കുതിച്ചുകയറ്റത്തിനൊപ്പം രാജ്യത്തെ ഇന്ധന ഉപയോഗവും മേലേക്ക്. ഈമാസം 15 വരെയുള്ള കണക്കനുസരിച്ച് പെട്രോള്‍ ഉപയോഗത്തില്‍ തൊട്ടുമുന്‍ മാസത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ രേഖപ്പെടുത്തിയത് 14 ശതമാനത്തിന്റെ വര്‍ധന. ഡീസല്‍, പാചകവാതക ആവശ്യകതയില്‍ യഥാക്രമം 1.8 ശതമാനത്തിന്റെയും 2.8 ശതമാനത്തിന്റെയും ഉയര്‍ച്ചയാണുണ്ടായത്.

സമ്പദ് വ്യവസ്ഥ സക്രിയമായതിനൊപ്പം വിളവെടുപ്പ് ആരംഭിച്ചതുമാണ് വിലവര്‍ധനയുടെ പ്രഹരം മറികടന്ന് ഇന്ധനവിപണിയെ ചലനാത്മകമാക്കിയത്. വില്‍പനയുടെ 90 ശതമാനവും നിയന്ത്രിക്കുന്ന പൊതുമേഖലാ എണ്ണക്കമ്പനികള്‍ കഴിഞ്ഞ ഒന്നുമുതല്‍ 15 വരെ വിപണിയിലിറക്കിയത് 1.28 ദശലക്ഷം ടണ്‍ പെട്രോളാണെന്ന് കണക്കുകള്‍ സാക്ഷ്യം. കഴിഞ്ഞവര്‍ഷം ഇതേ കാലയളവിലേതിനേക്കാള്‍ 59.7 ശതമാനമാണ് വര്‍ധന. കഴിഞ്ഞമാസം ആദ്യപാദത്തില്‍ 1.12 ദശലക്ഷം ടണ്ണായിരുന്നു വില്‍പ്പന. ഡീസലിനു പക്ഷേ, 2019-ഏപ്രിലേതിനേക്കാള്‍ ഈമാസം ആദ്യപാദത്തില്‍ ആകെവില്‍പ്പന 1.5 ശതമാനത്തോളം കുറഞ്ഞു. എന്നാല്‍, കഴിഞ്ഞമാസത്തേതിനേക്കാള്‍ വില്‍പ്പന 1.8 ശതമാനം വര്‍ധിക്കുകയും ചെയ്തു.

മാര്‍ച്ച്-മേയ് ഏഴ് കാലയളവില്‍ 50 രൂപയുടെ വര്‍ധന രേഖപ്പെടുത്തിയിട്ടും പാചകവാതക ആവശ്യകത കഴിഞ്ഞമാസം ആദ്യപാദത്തേതിനേക്കാള്‍ 2.8 ശതമാനം കൂടി. ഏപ്രില്‍ ആദ്യപാദത്തില്‍ 1.02 ദശലക്ഷം ടണ്ണായിരുന്ന വില്‍പ്പന മേയ് ഒന്ന് – 15 വരെ 1.05 ദശലക്ഷം ടണ്ണായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →