കോൺഗ്രസ് ചിന്തൻശിബിരം : മാറ്റങ്ങൾ ഗാന്ധി കുടുംബത്തിന് ബാധകമാവില്ലെന്നുറപ്പായി

ഉദയ്‍പുർ (രാജസ്ഥാൻ): ‘ഒരു കുടുംബത്തിൽനിന്ന് ഒരാൾക്ക് സീറ്റ്, ഒരാൾക്ക് ഒരുപദവി’ എന്നീ സംഘടനാകാര്യങ്ങളിൽ രാജസ്ഥാനിലെ ഉദയ്‍പുരിൽ ആരംഭിച്ച കോൺഗ്രസ് ചിന്തൻശിബിരം അന്തിമ തീരുമാനമെടുക്കും. കുടുംബത്തിൽ ഒന്നിലധികം അംഗങ്ങൾക്ക് അഞ്ചുവർഷത്തിലധികം പാർട്ടി പ്രവർത്തനപരിചയമുണ്ടെങ്കിൽ ഈ നിബന്ധനയിൽ ഇളവ് പരിഗണിക്കും. ഇതോടെ മാറ്റം ഗാന്ധി കുടുംബത്തിന് ബാധകമാവില്ലെന്നുറപ്പായി. നേതാക്കളുടെ ബന്ധുക്കൾക്ക് സീറ്റ് നൽകുന്നരീതി നിർത്തണമെന്നാണ് മറ്റൊരു നിർദേശം. ഇതിലും അഞ്ചുവർഷം തികച്ചാൽ പിന്നെ മൂന്നുവർഷം മാറ്റിനിർത്തണമെന്ന നിർദേശവും പരിഗണിക്കും.

ഭാരവാഹിത്വത്തിലും സ്ഥാനാർഥിത്വത്തിലും 50 വയസ്സിൽ താഴെയുള്ളവർക്ക് 50 ശതമാനം സംവരണം അനുവദിക്കുന്നതടക്കമുള്ള കരട് നിർദേശങ്ങളും ചർച്ചചെയ്യാൻ വെള്ളിയാഴ്ച രാവിലെ ചേർന്ന യോഗത്തിൽ തീരുമാനമായി. യൂത്ത് കോൺഗ്രസിൽ 35 വയസ്സുവരെയുള്ളവർക്ക് സ്ഥാനം നൽകാനും കോൺഗ്രസിൽ 35-നും 50-നും ഇടയിൽ പ്രായമുള്ളവരെ കൂടുതലായി പരിഗണിക്കാനുമാണ് ഉദ്ദേശ്യം. ഈ കാര്യങ്ങളെല്ലാം വെറും ചട്ടങ്ങളാവാതെ ഭരണഘടനയിൽത്തന്നെ ഉൾപ്പെടുത്തണമെന്ന സുപ്രധാനമായ നിർദേശം മുകുൾ വാസ്‌നിക് കൺവീനറായ സംഘടനാസമിതിയിൽ അംഗമായ രമേശ് ചെന്നിത്തല മുന്നോട്ടുവെച്ചു.

*സർവേക്കായി പബ്ലിക് ഇൻസൈറ്റ് ഡിപ്പാർട്ട്‌മെന്റ്: തിരഞ്ഞെടുപ്പുകാലത്ത് ജനങ്ങളുടെ വികാരമറിയാനുള്ള സർവേ നടത്താൻ വിവിധ ഏജൻസികളെ ഏൽപ്പിക്കുന്നത് നിർത്തി പ്രത്യേക വകുപ്പിന് രൂപംനൽകണം.
*മൂല്യനിർണയത്തിന് പ്രത്യേക വിഭാഗം: പാർട്ടിയിൽ മികച്ചപ്രവർത്തനത്തിന് അംഗീകാരവും മോശം ജോലിക്ക് ശിക്ഷയും ഇല്ലാത്ത രീതിമാറണം.ഭാരവാഹികളുടെ പ്രവർത്തനം വിലയിരുത്താൻ മൂല്യനിർണയത്തിനായി പ്രത്യേകവിഭാഗം രൂപവത്കരിക്കണം. മികച്ചഫലം ഉണ്ടാക്കുന്നവർക്ക് സ്ഥാനക്കയറ്റം നൽകണം…

*മണ്ഡലം കമ്മിറ്റികൾ: 15 മുതൽ 20 വരെ ബൂത്തുകൾ ഉൾപ്പെടുത്തി ഒരു മണ്ഡലവും മൂന്നുമുതൽ അഞ്ചുവരെ മണ്ഡലങ്ങളുള്ള ബ്ലോക്കും എന്ന രീതിയിൽ സംഘടനയെ പരിഷ്കരിക്കണം.ഒരു ബൂത്തിൽ അഞ്ചോ അതിലധികമോ കുടുംബങ്ങൾ ചേരുന്ന യൂണിറ്റ് കമ്മിറ്റികൾ രൂപവത്കരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ ബന്ധിപ്പിക്കണം..

ഭരണഘടനയ്ക്കും ജനാധിപത്യത്തിനും നേരെയുള്ള ആക്രമണം, മതപരവും ഭാഷാപരവുമായ വൈവിധ്യത്തിന്റെ സംരക്ഷണം, വർധിച്ചുവരുന്ന വർഗീയ ധ്രുവീകരണം, സ്വയംഭരണ സ്ഥാപനങ്ങളുടെ സംരക്ഷണം, ദേശീയ സുരക്ഷയും നയവും, കേന്ദ്ര-സംസ്ഥാന ബന്ധങ്ങളും തീരുമാനങ്ങളും പ്രാദേശികപാർട്ടികളുമായുള്ള സഖ്യവും, വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ പ്രശ്നങ്ങൾ, ജമ്മുകശ്മീർ, മുന്നിലുള്ള രാഷ്ട്രീയ വെല്ലുവിളി എന്നീ ഒമ്പതു കാര്യങ്ങൾ രാഷ്ട്രീയപ്രമേയം ചർച്ച ചെയ്യും

.ഒ.ബി.സി., ദളിത്, ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സംഘടനയിൽ കൂടുതൽ പ്രാതിനിധ്യം നൽകണമെന്ന് സാമൂഹികനീതി സമിതി നിർദേശിച്ചിട്ടുണ്ട്. ട്രാൻസ്‌ജെൻഡറുകൾക്ക് സംവരണം, സ്വകാര്യ മേഖലയിൽ സംവരണം തുടങ്ങിയവ സമിതി അംഗം ആന്റോ ആന്റണിയും മുന്നോട്ടുവെച്ചിട്ടുണ്ട്. ഈ കാര്യങ്ങളിൽ ശിബിരത്തിന്റെ അവസാനദിവസം ചേരുന്ന പ്രവർത്തകസമിതി തീരുമാനമെടുക്കുമെന്ന് നേതാക്കളായ അജയ് മാക്കൻ, മല്ലികാർജുൻ ഖാർഗെ എന്നിവർ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →