കാസർകോട്: ഭൂമി കൈവശം വെച്ചവര്‍ക്ക് മാത്രമല്ല തണ്ടപ്പേരിന് പോലും അവകാശം ലഭ്യമാകാത്ത മുഴുവന്‍ സാധാരണ ജനങ്ങള്‍ക്കും ഭൂമി കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് റവന്യു ഭവന വകുപ്പ് മന്ത്രി കെ രാജന് പറഞ്ഞു. മഞ്ചേശ്വരം കാസര്‍കോട് താലൂക്കുകളിലെ പട്ടയവിതരണ മേളയും ഇ ഓഫീസുകളും മന്ത്രി ഓണ്‍ലൈന്‍ മുഖേന ഉദ്ഘാടനം ചെയ്തു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു. എല്ലാവര്ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പിലാക്കുന്ന രണ്ടാം നൂറ് ദിന കര്‍മ പരിപാടിയുടെ ഭാഗമായാണ് കാസര്‍കോട് മഞ്ചേശ്വരം താലൂക്കുകളില്‍ പട്ടയ വിതരണ മേള നടത്തിയത്. കാസര്‍കോട് റവന്യൂ ഡിവിഷണല്‍ ഓഫീസ്, കാസര്‍കോട് താലൂക്ക് ഓഫീസ് എന്നീ ഓഫീസുകള്‍ ഇ- ഓഫീസ് ആയി മന്ത്രി കെ രാജന് പ്രഖ്യാപിച്ചു.
എല്ലാവര്ക്കും ഭൂമി എന്ന ലക്ഷ്യത്തിലേക്ക് നാം നടന്നടുക്കുകയാണ്. ഭൂരഹിതര്‍ക്ക് ഭൂമി കണ്ടൈത്താന്‍ അനധികൃതമായി കേരളത്തിന് നഷ്ടപ്പെടുന്ന ഭൂമി സംസ്ഥാന സര്‍ക്കാരിന്റെ ഭാഗമാക്കി മാറ്റാന്‍ കഴിഞ്ഞ സര്‍ക്കാരുകള്‍ ശ്രദ്ധേയമായ നടപടികള്‍ നടത്തിവന്നിട്ടുണ്ട് . അതിന്റെ കൂടി ഭാഗമായി കേരളം യൂണീക് തണ്ടപ്പേര് സംവിധാനം നടപ്പിലാക്കുന്ന സംസ്ഥാനമായി മാറുകയാണെന്ന് റവന്യൂ മന്ത്രി കെ രാജന് പറഞ്ഞു. ഇന്ത്യയില്‍ ആദ്യമായി യുണീക് തണ്ടപ്പേര് എന്ന സംവിധാനം നടപ്പിലാക്കിയ സംസ്ഥാനമായി കേരളം മാറാന്‍ പോവുകയാണ്. ഇതിലൂടെ തണ്ടപ്പേരും ആധാറും ലിങ്ക് ചെയ്യുന്നു. അനധികൃതമായി ഭൂമി കൈവശം വെച്ച് ഭൂമി പല തണ്ടപ്പേരുകളിലായി ഉപയോഗപ്പെടുത്തുന്നതിന് വിലങ്ങിടാനാവും. പിടിച്ചെടുക്കുന്ന ഭൂമിയുടെ അവകാശം ഭൂരഹിതര്‍ക്ക് നല്‍കാനുള്ള നടപടികളും സര്‍ക്കാര്‍ നടപ്പിലാക്കുകയാണെന്ന് മന്ത്രി കെ രാജന് പറഞ്ഞു. റവന്യൂ വകുപ്പ് സമ്പൂര്‍ണമായി ഡിജിറ്റലൈസേഷനിലേക്ക് മാറുമ്പോള്‍ ഘട്ടം ഘട്ടമായി അതിന്റെ ഓഫീസുകളും ഇ-ഓഫീസുകളായി മാറ്റേണ്ടതുണ്ട്. രണ്ട് വര്‍ഷം കൊണ്ട് കേരളത്തിലെ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് എല്ലാ രേഖകളും ഡിജിറ്റലൈസ് ചെയ്യുകയാണ് ലക്ഷ്യം. വില്ലേജ് ഓഫീസര്‍ മുതല്‍ സെക്രട്ടറിയേറ്റിലെ സെക്ഷന്‍ ഓഫീസര്‍ വരെ ഒരേ സമയം ഓണ്‍ലൈനിലൂടെ ബന്ധപ്പെടുത്താന്‍ ഇതിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
കാസര്‍കോട് താലൂക്കില്‍ 107 ഉം മഞ്ചേശ്വരം താലൂക്കില്‍ 98 ഉം പട്ടയങ്ങള്‍ വിതരണം ചെയ്തു.
എകെഎം അഷ്റഫ് എംഎല്‍എ, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദ്രിയ, ചെങ്കള ഗ്രാമ പഞ്ചായത്തംഗം പി ഖദീജ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ വി രാജന്, കുര്യാക്കോസ് പ്ലാപ്പറമ്പില്‍, മുഹമ്മദ് കുഞ്ഞി കുട്ടിയാനം, സണ്ണി അരമന, മൂസ ബി ചെര്‍ക്കള എന്നിവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട് സബ് കളക്ടര്‍ ഡി ആര് മേഘശ്രീ സ്വാഗതവും കാസര്‍കോട് ആര്‍ഡിഒ അതുല്‍ എസ് നാഥ് നന്ദിയും പറഞ്ഞു.